ഹൃദയത്തെ നിശബ്‌ദമായി നശിപ്പിക്കുന്ന 8 ദൈനംദിന ശീലങ്ങൾ

ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, അമിതവണ്ണം, തുടങ്ങിയവയെല്ലാം ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവയാണ്. നേരത്തെ പ്രായമായവരിലാണ് ഹൃദ്രോഗങ്ങൾ കണ്ടുവന്നിരുന്നതെങ്കിൽ ഇന്ന് ചെറുപ്പക്കാർക്കിടയിലും ഹൃദയാഘാതം ഉൾപ്പെടെയുള്ള ഹൃദയ സംബന്ധമായ രോഗങ്ങൾ വർധിച്ചു വരുന്നു. ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമാക്കാം. നിത്യജീവിത്തിലെ നമ്മുടെ ചെറിയ ശീലങ്ങൾ പോലും ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് കാരണമായേക്കും. അത്തരത്തിൽ നിശബ്‌ദമായി ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ശീലങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ഉറക്കക്കുറവ്
പതിവായുള്ള ഉറക്കക്കുറവ് രക്തസമ്മർദ്ദം, വീക്കം, സ്ട്രെസ്, കൊളസ്‌ട്രോൾ എന്നി അവസ്ഥകൾക്ക് കാരണമായേക്കാം. ഈ അവസ്ഥകളെല്ലാം ഹൃദയത്തിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവയാണ്. അതിനാൽ ദിവസേന കുറഞ്ഞത് 7 മുതൽ 9 മണിക്കൂർ ഉറക്കം ഉറപ്പാക്കണം. ഹൃദയാരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും ഉറക്കം അത്യന്താപേക്ഷിതമാണ്.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ദോഷം ചെയ്യും. കൊളസ്‌ട്രോൾ അളവ് വർധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാനും, വീക്കം ഉണ്ടാകാനും ഇത് ഇടയാക്കും. ഇവയെല്ലാം ഹൃദ്രോഗ സാധ്യത എന്നിവ വർധിപ്പിക്കും. പതിവായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളോടുള്ള ആസക്തിയ്ക്ക് കാരണമാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ ഇടയാക്കുകയും ചെയ്യും.

വിട്ടുമാറാത്ത സമ്മർദ്ദം
നിരന്തരമായ സമ്മർദ്ദം ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാക്കും. രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, വീക്കം എന്നിവയ്ക്ക് കാരണമാകുന്ന കോർട്ടിസോൾ എന്ന ഹോർമോൺ അളവ് വർധിക്കാൻ ഇത് ഇടയാകും. വിട്ടുമാറാത്ത സമ്മർദ്ദം കാലക്രമേണ ധമനികളെ ദോഷകരമായി ബാധിക്കുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും. അതിനാൽ യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങൾ, വേഗത്തിലുള്ള നടത്തം എന്നിവയിലൂടെ സമ്മർദ്ദത്തെ നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ഉപ്പിന്‍റെ അമിത ഉപയോഗം
ഹൃദ്രോഗത്തിന്‍റെ പ്രധാന കാരണങ്ങളിലൊന്നാണ് അമിതമായ ഉപ്പിന്‍റെ ഉപയോഗം. ഇത് രക്തസമർദ്ദം ഉയർത്തുകയും രക്തക്കുഴലുകളെ തകരാറിലാക്കുകയും ചെയ്യും. ഇവയെല്ലാം ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നവയാണ്. അതിനാൽ സംസ്‌കരിച്ച ഭക്ഷണങ്ങൾ, ടിന്നിലടച്ച സൂപ്പുകൾ, പുറത്ത് നിന്നുള്ള ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുക.

ദീർഘനേരം ഇരിക്കുക
ദീർഘനേരം ഇരിക്കുന്നത് ഹൃദയത്തിന് ദോഷകരമാണ്. ദീർഘനേരമുള്ള ഇരുത്തം രക്തചംക്രമണം കുറയാനും രക്തസമ്മർദ്ദം ഉയരാനും മോശം കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും കാരണമാകും. കാലക്രമേണ ഇത് പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നീ അവസ്ഥകളിലേക്ക് നയിച്ചേക്കാം.

മോശം ഭക്ഷണക്രമം
പൂരിത കൊഴുപ്പ്, പഞ്ചസാര, സോഡിയം എന്നിവ ഉയർന്ന അളവിൽ അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. അതിനാൽ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്ന പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മെലിഞ്ഞ പ്രോട്ടീനുകൾ എന്നിവ പതിവായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.

അമിതമായ മദ്യപാനം
അമിതമായ മദ്യപാനം രക്തസമ്മർദ്ദം, ശരീരഭാരം എന്നിവ വർദ്ധിപ്പിക്കുകയും ഹൃദയപേശികളെ ദുർബലപ്പെടുത്തുകയും ചെയ്യും. ഇവയെല്ലാം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. അതിനാൽ മദ്യപാനം പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യന്നതാണ് നല്ലത്.

പുകവലി
പുകവലി രക്തക്കുഴലുകൾക്ക് കേടുപാടുകൾ ഉണ്ടാക്കാനും രക്തസമ്മർദ്ദം വർദ്ധിപ്പിക്കാനും ഇടയാക്കും. ഇവ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും. അതിനാൽ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും പുകവലി ഉപേക്ഷിക്കുക.

 

Be the first to comment

Leave a Reply

Your email address will not be published.


*