
ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയ നിഗല്‍ ഫരാഗ്ഗിന്റെ റിഫോം യു കെ പാര്‍ട്ടി കുതിപ്പ് തുടരുന്നു എന്ന് പുതിയ സര്‍വ്വേഫലങ്ങള്‍. യു ഗോ ഏറ്റവും ഒടുവില്‍ നടത്തിയ സര്‍വ്വേയില്‍ 29 ശതമാനം പോയിന്റാണ് റിഫോം യു കെ നേടിയത്. ലേബര്‍ പാര്‍ട്ടിയേക്കാള്‍ 7 പോയിന്റുകള്‍ക്കാണ് ഇപ്പോള്‍ റിഫോം മുന്നിലുള്ളത്. ലേബര്‍ പാര്‍ട്ടിക്കാണെങ്കില്‍ മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ ഒരു പോയിന്റ് കുറയുകയും ചെയ്തു. വെറും 17 പോയിന്റ് നേടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മൂന്നാം സ്ഥാനത്തെത്തി. തെരേസ മേയുടെ നേതൃത്വകാലത്തിന്റെ അന്തിമഘട്ടത്തിനു ശേഷം പാര്‍ട്ടിക്കുണ്ടാവുന്ന ഏറ്റവും കുറവ് ജനപ്രീതിയാണിത്
ഇലക്റ്ററോള്‍ കാല്‍ക്കുലസ് പ്രൊജക്ഷനുകള്‍ പറയുന്നത്, ഇതേ ജനപിന്തുണ പൊതുതെരഞ്ഞെടുപ്പിലും ലഭിച്ചാല്‍, ഇപ്പോള്‍ ലഭിച്ച പോയിന്റ് റിഫോം യു കെക്ക് പാര്‍ലമെന്റില്‍ 40 സീറ്റിന്റെ ഭൂരിപക്ഷം നേടിക്കൊടുക്കാന്‍ പര്യാപ്തമാണ് എന്നാണ്. മാത്രമല്ല, കെമി ബെയ്‌ഡോന്ന് അവരുടെ എസ്സെക്സ് നോര്‍ത്ത് മണ്ഡലത്തില്‍ പരാജയപ്പെടുകയും ചെയ്യും.
മറ്റൊരു വ്യത്യസ്ത സര്‍വ്വേയില്‍ തെളിഞ്ഞത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന വെയ്ല്‍സിലെ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്ത് എത്തുമെന്നാണ്. പ്ലെയ്ഡിന്റെയും റിഫോമിന്റെയും ഏറെ പിന്നിലായിരിക്കും അവരുടെ സ്ഥാനം. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുടെ ദിശയും സ്വഭാവവും മാറ്റാന്‍ കെമി ബെയ്ഡ്‌നോക്കിന് മേല്‍ അതിയായ സമ്മര്‍ദ്ദമുണ്ട്. റണ്‍കോണ്‍ ഉപതെരഞ്ഞെടുപ്പിലെ പരാജയം ലേബര്‍ പാര്‍ട്ടിയെയും ഉലച്ചിട്ടുണ്ട് അറുന്നൂറിലധികം കൗണ്‍സിലര്‍മാരുമായി റിഫോം യു കെ ആണെങ്കില്‍ കരുത്ത് തെളിയിക്കുകയും ചെയ്തു.
സര്‍ക്കാര്‍ എടുത്ത പല തീരുമാനങ്ങളും കൂടുതല്‍ വിശദമാക്കേണ്ടതുണ്ട് എന്ന് പ്രധാനമന്ത്രി സമ്മതിക്കുകയും ചെയ്തു. അതിനിടയില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ, റെഡ് വാള്‍ എന്നറിയപ്പെടുന്ന നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള എം പിമാര്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടിരിക്കുന്ന ജനവിശ്വാസം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വിന്റര്‍ ഫ്യുവല്‍ അലവന്‍സ് ഉള്‍പ്പടെ, തങ്ങളുടെ നിയോജകമണ്ഡലങ്ങളിലെ സമ്മതിദായകര്‍ ഉന്നയിച്ച ആവശ്യങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതികരണം ദുര്‍ബലമായിരുന്നു എന്നും അവര്‍ കുറ്റപ്പെടുത്തി.
Be the first to comment