
ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ രാജ്യത്തെ എടിഎമ്മുകള്‍ രണ്ടു-മൂന്നു ദിവസത്തേക്ക് അടച്ചിടുമെന്ന് വാട്‌സ് ആപ്പ് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ പ്രചാരണം. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും, എടിഎമ്മുകള്‍ സാധാരണ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇന്ത്യ- പാകിസ്ഥാന്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍ എടിഎമ്മുകള്‍ രണ്ടു-മൂന്നു ദിവസത്തേക്ക് അടച്ചിടുന്നു എന്ന തരത്തിലാണ് വാട്‌സ്ആപ്പുകളില്‍ പ്രചരിച്ചിരുന്നത്. ഈ പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സര്‍ക്കാരിന്റെ ഫാക്ട് ചെക്ക് വിഭാഗം, പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കി രംഗത്തു വന്നത്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്നും ആളുകള്‍ വിട്ടുനില്‍ക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
ബാങ്ക് ഉപഭോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാവുന്നതാണ്. എടിഎമ്മുകളെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്താന്‍ സാധ്യതയുണ്ട്. ഇത് ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവിന് കാരണമായേക്കും. മാത്രമല്ല ബാങ്കിന്റെ ജോലികള്‍ക്കും തടസ്സം സൃഷ്ടിച്ചേക്കാം. അതിനാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുമ്പ് ആളുകള്‍ ബാങ്കുകളില്‍ ബന്ധപ്പെട്ട് വാര്‍ത്ത സത്യമാണോയെന്ന് ഉറപ്പുവരുത്തണം. സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
പാകിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമായതോടെ, പാക് അനുകൂല ഹാന്‍ഡിലുകള്‍ ഇന്ത്യയില്‍ ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇത്തരത്തിലുള്ള ഏതാനും വാര്‍ത്തകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബിലെ ജലന്ധര്‍ പാക് ഡ്രോണ്‍ ആക്രമണത്തില്‍ കത്തിനശിച്ചു, സൈന്യത്തിന്റെ 20 രാജ് ബറ്റാലിയന്‍ പാക് സൈന്യം തകര്‍ത്തു തുടങ്ങിയ കള്ള പ്രചാരണങ്ങളാണ് ഫാക്ട് ചെക്ക് വിഭാഗം തകര്‍ത്തത്. രാജ് ബറ്റാലിയന്‍ എന്ന ആര്‍മി യൂണിറ്റ് പോലും ഇന്ത്യന്‍ സൈന്യത്തിനില്ലെന്ന് ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കി.
Be the first to comment