പാകിസ്താന് ഐഎംഎഫിന്റെ സഹായം; 8,500 കോടി വായ്പ നൽകി

പാകിസ്താന് ഐഎംഎഫിന്റെ സഹായം. 8,500 കോടി രൂപ വായ്പ അനുവദിച്ചു. ഇന്ത്യയുടെ എതിർപ്പിനെ മറികടന്നാണ് തീരുമാനം. ഇന്ന് വാഷിങ്ടണിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. ഗഡു അനുവദിച്ചതിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സംതൃപ്തി പ്രകടിപ്പിച്ചു. പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും രാജ്യം വികസനത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക സഹായം പാകിസ്താൻ ഭീകരവാദത്തിന് ഉപയോഗിക്കുമെന്ന് ഇന്ത്യ പറഞ്ഞിരുന്നു. പാകിസ്താന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള 7 ബില്യൺ ബെയ്ൽഔട്ട് പാക്കേജിന്റെ അടുത്ത ഗഡുവായാണ് പണം അനുവദിച്ചിരിക്കുന്നത്. പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഐഎംഎഫിന്റെ ഡയറക്ടർ ബോഡി യോഗം ചേർന്നത്. ഈ യോ​ഗത്തിലാണ് ഇന്ത്യ ശക്തമായ എതിർപ്പ് അറിയിച്ചത്.

ഈ പണം ഐഎംഎഫിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചല്ല പാകിസ്താൻ ചിലവഴിക്കുന്നതെന്നും ഒരു കാരണവശാലും പണം അനുവദിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.പാകിസ്ഥാന് നൽകുന്ന പണം കൃത്യമായി വിനിയോഗിക്കപ്പെടുന്നില്ലെന്നും വലിയ അഴിമതികൾ പദ്ധതി നിർവഹണത്തിൽ നടക്കുന്നുവെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*