പാകിസ്താനിലെ മുസ്ലീം പള്ളികള്‍ തകര്‍ത്തു എന്നത് വ്യാജപ്രചാരണം, ഇന്ത്യ ലക്ഷ്യം വച്ചത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം: പ്രതിരോധ മന്ത്രാലയം

പാകിസ്താന്‍ പ്രകോപനങ്ങളോട് ഇന്ത്യ പ്രതികരിച്ചത് കൃത്യതയോടെയും ഉത്തരവാദിത്തത്തോടെയുമെന്ന് പ്രതിരോധമന്ത്രാലയം. ഇന്ത്യ പാകിസ്താനിലെ ആരാധനാലയങ്ങള്‍ തകര്‍ത്തു എന്നുള്‍പ്പെടെ പാകിസ്താന്‍ വ്യാജ പ്രചാരണം നടത്തി. എന്നാല്‍ ഇന്ത്യ ലക്ഷ്യം വച്ചത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രമെന്നും പാകിസ്താന്‍ പറയുന്നത് നുണയാണെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ മതേതരരാജ്യമാണെന്നും പ്രതിരോധമന്ത്രാലയം വക്താക്കള്‍ ഊന്നിപ്പറഞ്ഞു. വെടിനിര്‍ത്തലിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കമാന്‍ഡര്‍ രഘു ആര്‍ നായര്‍, വിംഗ് കമാന്‍ഡന്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവരാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്താന് കാര്യമായ നാശനഷ്ടങ്ങളുണ്ടായെന്ന് പ്രതിരോധമന്ത്രാലയം വിശദീകരിച്ചു. പാകിസ്താന്‍ വ്യോമതാവളങ്ങളും റഡാറുകളും ഇന്ത്യ തകര്‍ത്തു. പാക് വ്യോമസംവിധാനങ്ങള്‍ വ്യാപകമായി തകര്‍ത്തു. നിയന്ത്രണരേഖയിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടം ഉണ്ടായി. ഇന്ത്യന്‍ പ്രത്യാക്രമണത്തിന്റെ ലക്ഷ്യം ഭീകരകേന്ദ്രങ്ങള്‍ മാത്രമായിരുന്നു. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏത് സാഹചര്യവും നേരിടാന്‍ സൈന്യം സജ്ജമെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായെന്ന് കേന്ദ്രം അറിയിച്ചു. വെടിനിര്‍ത്തലിനും സൈനികനടപടികള്‍ മരവിപ്പിക്കാനും ധാരണയായെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വിദേശകാര്യ വക്താവ് വിക്രം മിസ്രിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന നടത്തിയത്. ഇന്ന് വൈകീട്ട് അഞ്ചുമണിമുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദര്‍ അറിയിച്ചു. എക്സ് അക്കൗണ്ടിലൂടെയാണ് സ്ഥിരീകരണം. ഇന്ത്യയും പാകിസ്താനും ഉടന്‍ പ്രാബല്യത്തില്‍ വരുന്ന വെടിനിര്‍ത്തലിന് സമ്മതിച്ചു. രാജ്യം എപ്പോഴും മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*