
‘ലോകമെങ്ങും സമാധാനം പുലരട്ടെ, ഇന്ത്യ പാക് വെടിനിർത്തൽ സ്വാഗതം ചെയ്ത് മാർപാപ്പ ലിയോ പതിനാലാമൻ. ഇന്ത്യ – പാക് വെടിനിർത്തൽ തീരുമാനത്തിൽ സന്തോഷം. ലോകമെങ്ങുമുളള സംഘർഷ മേഖലകളിൽ സമാധാനം പുലരട്ടെ എന്ന് അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച കുർബാനയ്ക്ക് ശേഷമുള്ള അഭിസംബോധന പ്രസംഗത്തിലാണ് മാർപാപ്പ സന്തോഷം അറിയിച്ചത്. ലോകത്തോടുളള ആദ്യ അഭിസംബോധനയിലാണ് പാപ്പയുടെ വാക്കുകൾ. ലിയോ പതിനാലാമൻ പാപ്പയുടെ കാർമ്മികത്വത്തിലാണ് ഇന്ന് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധ കുർബാന നടന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറയിലെത്തി ലിയോ പതിനാലാമൻ പ്രാർത്ഥിച്ചു. മുൻഗാമിയുടെ പാതയിൽ പ്രവർത്തിക്കുമെന്നും പുതിയ പോപ്പ് വ്യക്തമാക്കി. യുക്രെയ്നിലും വെടിനിർത്തൽ വേണം. ഗാസയിലെ ബന്ദികളെ വിട്ടയക്കണം. സമാധാനത്തിന്റെ സന്ദേശം ലോകമെമ്പാടും പരക്കട്ടെയെന്നും മാർപാപ്പ പറഞ്ഞു.
അതേസമയം, ലിയോ പതിനാലാമൻ പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18 ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ നടക്കും. സ്ഥാനാരോഹണത്തിന് മുൻപ് തന്നെ അദ്ദേഹം കൂടിക്കാഴ്ചകള്‍ ആരംഭിക്കും. നാളെ മാധ്യമപ്രവർത്തകരുമായും പതിനാറാം തീയതി നയതന്ത്ര പ്രതിനിധികളുടെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തും.
Be the first to comment