2026ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി; 2001നെക്കാള്‍ മികച്ച വിജയം നേടും; സണ്ണിയില്‍ സമ്പൂര്‍ണവിശ്വാസമെന്ന് എകെ ആന്റണി

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വത്തില്‍ പൂര്‍ണ വിശ്വാസമെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി. മലയോരകര്‍ഷകന്റെ മകനായ സണ്ണി ജോസഫിന് എല്ലാ വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരെയും ഒന്നിച്ചുകൊണ്ടുപോകാനാകുമെന്ന് എകെ ആന്റണി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 2001നേക്കാള്‍ വലിയ വിജയം നേടാന്‍ സണ്ണിയുടെ നേതൃത്വത്തില്‍ കഴിയുമെന്നും ആന്റണി പറഞ്ഞു.

‘പുതിയ പാര്‍ട്ടി നേതൃത്വത്തില്‍ സമ്പൂര്‍ണവിശ്വാസമുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു ദൗത്യം ഏല്‍പ്പിച്ചിരിക്കുകയാണ്. 2026ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി നയിക്കുന്ന ഒരു യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കുക എന്നതാണ് അവരെ ഏല്‍പ്പിച്ച ദൗത്യം. അത് അവര്‍ പൂര്‍ണമായി വിജയിപ്പിക്കുമെന്ന വിശ്വാസമുണ്ട്. എന്റെ ഒരാഗ്രഹം യുഡിഎഫിനെയും കോണ്‍ഗ്രസിനെയും ശക്തിപ്പെടുത്തുന്നതിനൊപ്പം എല്ലാവിഭാഗം ജനങ്ങളെയും കൂട്ടിയിണക്കാന്‍ കഴിഞ്ഞാല്‍ 2001ലേക്കാള്‍ മികച്ച വിജയം സണ്ണിയുടെ നേതൃത്വത്തില്‍ ഉണ്ടാകും’- ആന്റണി പറഞ്ഞു.

‘കേരളത്തില്‍ ഞാന്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ജനത തീരദേശജനതയും മലയോര കര്‍ഷകരുമാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയോര കര്‍ഷകന്റെ പുത്രന്‍ കെപിസിസി പ്രസിഡന്റായിരിക്കുന്നു. അതില്‍ വലിയ സന്തോഷം ഉണ്ട്. മലയോര കര്‍ഷകര്‍ ഇന്ന് ഉറക്കമില്ലാത്ത രാത്രിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ന് അവര്‍ക്ക് ആശ്വാസം നല്‍കാന്‍ ഈ ടീമിന് കഴിയും’-ആന്റണി പറഞ്ഞു.

എകെ ആന്റണിയുടെ ആനുഗ്രഹം ലഭിച്ച ശേഷമാണ് കെപിസിസിയുടെ പുതിയ ടീം ചാര്‍ജ് എടുക്കാന്‍ പോകുന്നതെന്ന് നിയുക്ത കെപിസിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. കേരളത്തില്‍ യുഡിഎഫിനെ അധികാരത്തില്‍ തിരികെയെത്തിക്കുകയാണ് ലക്ഷ്യമെന്നും സണ്ണി ജോസഫ്  പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*