
കേരളത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല എന്ന് പരാതി ഉണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. അവരെക്കൂടി ചേർത്ത് നിർത്തണം. പരാതികൾ പരിഹരിക്കണം. മാറ്റങ്ങൾ വരുമ്പോൾ പരാതികൾ പരിഹരിക്കണം. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റതിന് പിന്നാലെയാണ് കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം.
മീഡിയ റൂമിലെ മുൻ KPCC പ്രസിഡന്റ് മാരുടെ ഫോട്ടോകൾ നമ്മളെ പലതും ഓർമ്മിപ്പിക്കുന്നുണ്ട്. ഇനിയെങ്കിലും ആ ഫോട്ടോ നിരയിൽ ഒരു വിഭാഗത്തെ മാത്രം മാറ്റി നിർത്തരുതെന്നും കൊടിക്കുന്നിൽ വിമർശിച്ചു. കെപിസിസി ഓഫീസിൽ സ്ഥാപിച്ച പ്രഥമ പ്രസിഡന്റ് മുതൽ മുല്ലപ്പള്ളി വരെയുള്ളവരുടെ ഫോട്ടോ ചൂണ്ടികാട്ടിയായിരുന്നു കൊടിക്കുന്നിൽ സുരേഷിൻ്റെ പരാമർശം.
കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. വര്‍ക്കിങ് പ്രസിഡന്റുമാരായ പി.സി വിഷ്ണുനാഥ് എംഎല്‍എ, എ.പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവരും കെപിസിസി അധ്യക്ഷന്‍ ഒപ്പം പദവി ഏറ്റെടുത്തു.
പുതിയ കെപിസിസി നേതൃത്വത്തിനൊപ്പം പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്ന് കെ. സുധാകരന് പറഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടമായതില്‍ പ്രശ്നമേയില്ലെന്നും സിപിഐഎമ്മിനെതിരായ പോരാട്ടത്തില്‍ പടക്കുതിരയായി മുന്നിലുണ്ടാകുമെന്നും കെ. സുധാകരന് പറഞ്ഞു.
Be the first to comment