
ടെസ്റ്റിൽ നിന്നും വിരമിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ആശംസയുമായി ബിസിസിഐ. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രഖ്യാപനം. ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ പേരിലുള്ളത്.
‘കോലി യുഗം അവസാനിക്കുന്നു, എന്നാല്‍ അദ്ദേഹത്തിന്റെ പാരമ്പര്യം എന്നുംനിലനില്‍ക്കും’ ബിസിസിഐ എക്‌സിൽ കുറിച്ചു. എല്ലാം കൊണ്ടും ഇന്ത്യൻ ക്രിക്കറ്റിനും ക്രിക്കറ്റിനും തീരാ നഷ്ടമാണെന്നും എന്നാൽ യുവ തലമുറയ്ക്ക് അവസരം കൊടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുമെന്നും മറ്റൊരു പോസ്റ്റിൽ ബിസിസിഐ കുറിച്ചു.
‘ടെസ്റ്റ് ക്രിക്കറ്റിന്റെ വെള്ള ജഴ്സി ധരിച്ച് കളിക്കുമ്പോൾ ഏറെ സന്തോഷമാണ്. അഞ്ച് ദിവസം നീണ്ട മത്സരങ്ങൾ, ശാന്തതയും കഠിനാദ്ധ്വാനവും നീണ്ട നിമിഷങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത് ഒരിക്കലും എളുപ്പമല്ല. പക്ഷേ അത് ശരിയാണെന്ന് തോന്നുന്നു. ടെസ്റ്റ് ക്രിക്കറ്റിനായി ഞാൻ കഠിനാദ്ധ്വാനം ചെയ്തു. അതിനേക്കാൾ എത്രയോ അധികം ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് തിരികെ നൽകി.
ഹൃദയം നിറഞ്ഞ നന്ദിയോടെ ഞാൻ വിടവാങ്ങുന്നു. ക്രിക്കറ്റിനോടും സഹതാരങ്ങളോടും എന്നെ കരുത്തരാക്കിയ ഓരോ വ്യക്തികളോടും നന്ദി പറയുന്നു. എക്കാലവും ഞാൻ ടെസ്റ്റ് കരിയറിനെ സന്തോഷത്തോടെ നോക്കും. ടെസ്റ്റ് ക്യാപ് #269 ഇനിയില്ല.’ – വിരാട് കോലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Be the first to comment