
കൊല്ലം അഞ്ചലിലും മലപ്പുറം മുണ്ടുപറമ്പിലും തെരുവുനായയുടെ ആക്രമണം. അഞ്ചൽ കരുകോണിൽ കുട്ടികൾ ഉൾപ്പടെ ഏഴുപേർക്കാണ് കടിയേറ്റത്. അഞ്ചു പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം മുണ്ടുപറമ്പിൽ തെരുവ് നായയുടെ ആക്രമണത്തിൽ പരുക്കേൽക്കാതെ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
അഞ്ചൽ കരുകോൺ ടൗണിൽ ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു തെരുവുനായയുടെ ആക്രമണം. മദ്രസയിൽ പോയ കുട്ടിക്കും പത്താം ക്ലാസ് വിദ്യാർഥിക്കുമടക്കം ഏഴുപേർക്കാണ് നായയുടെ കടിയേറ്റത്.
കരുകോൺ ടൗണിൽ നിന്നവരെയും കടയ്ക്കുള്ളിലിരുന്നയാളെയും നായ കടിച്ചു. പ്രദേശവാസിയായ ബൈജുവിനെ തള്ളിയിട്ട ശേഷം മുഖത്തും ശരീരത്തും നായ കടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
നിരവധി തെരുവുനായ്ക്കളെയും നായ അക്രമിച്ചു. നാട്ടുകാർക്ക് നേരെ വീണ്ടും തിരിഞ്ഞതോടെ പ്രദേശവാസികൾ തെരുവുനായയെ തല്ലിക്കൊന്നു. നായയുടെ കടിയേറ്റ അഞ്ചു പേരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം, മലപ്പുറം മുണ്ടുപറമ്പിൽ കുടിവെള്ള പ്ലാൻറിൽ ജോലിക്കാരനായ ഇഫ്സാന് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേൽക്കാതെ യുവാവ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടായിരുന്നു. സമീപത്തെ കച്ചവടക്കാരുടെ ഉൾപ്പെടെ അവസരോചിതമായ ഇടപെടലിലാണ് ഇഫ്സാൻ രക്ഷപ്പെട്ടത്.
മുണ്ടുപറമ്പ് അടക്കം മലപ്പുറത്തിന്റെ വിവിധ പ്രദേശങ്ങളും തെരുവുനായ ദീഷണിയിലാണ്. പെരുവള്ളൂരിൽ തെരുവുനായ കടിച്ച അഞ്ചര വയസ്സുകാരി പേ വിഷബാധയേറ്റ് മരിച്ചത് കഴിഞ്ഞ മാസമാണ്.
Be the first to comment