
ഭീകരവാദത്തെ എല്ലാത്തരത്തിലും എതിർക്കും അത് ഒരു ഗവൺമെൻ്റിനേയോ നേതാവിനെയോ കണ്ടിട്ടല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ത്യാ – പാക് സംഘർഷം അമേരിക്ക ഇടപെട്ടാണ് നിർത്തിയതെന്നാണ് ഇന്നലെയും ഡൊണാൾഡ് ട്രംപ് ആവർത്തിച്ചത്. ഇത് തെറ്റാണോ ശരിയാണോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയണം. നെഞ്ചളവിന് അർഥമുണ്ടെങ്കിൽ നാക്കിന് നീളമുണ്ടെങ്കിൽ ഇനിയെങ്കിലും പറയണമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.
എന്തുകൊണ്ടാണ് പ്രധാനമന്ത്രി നാക്കെടുക്കാൻ വൈകിയത്. സർവ്വകക്ഷി യോഗം വിളിച്ചു ആ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വന്നില്ല. രാഷ്ട്രത്തോട് ജനങ്ങളോട് ഉത്തരവാദിത്തം കാണിച്ചില്ല. ഇതിനെല്ലാം ഒരു ഉത്തരം ഇന്ത്യക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശകാശവാദങ്ങളെ കുറിച്ച് ചർച്ചകൾ പുകയുകയാണ്. അമേരിക്ക മധ്യസ്ഥത വഹിക്കുന്നതിന് ഇന്ത്യ സമ്മതിച്ചോയെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ആവശ്യപ്പെട്ടിരുന്നു.
അമേരിക്കയുടെ ഇടപെടൽ മൂലമാണ് ഇന്ത്യ – പാകിസ്താൻ വെടിനിർത്തൽ യാഥാർത്ഥ്യമായതെന്നും ആണവയുദ്ധമാണ് ഒഴിവാക്കിയതെന്നും വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് ഇരു രാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചതെന്നായിരുന്നു ട്രംപിന്റെ പുതിയ അവകാശവാദം. എന്നാൽ ഇതെല്ലം ഇന്ത്യ തള്ളിക്കളയുകയാണ് ഉണ്ടായത്.
ജനങ്ങളെ വിശ്വാസത്തിൽ എടുക്കാൻ സർക്കാർ തയ്യാറാകണം. പാർലമെന്റ് വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പാക് ഇന്ത്യ സംഘർഷം ഒഴിവാക്കുന്നതിന് തങ്ങൾ ഇടപെട്ടു എന്ന അമേരിക്കയുടെ അവകാശവാദത്തെ പറ്റി അവരോട് തന്നെ ചോദിക്കണം എന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണം എന്ന കോൺഗ്രസിന്റെ ആവശ്യം എൻ സി പി ദേശീയ അധ്യക്ഷൻ ശരത് പവാർ തള്ളി. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സഭയിൽ ചർച്ച ചെയ്യാൻ ആകില്ലെന്നും കേന്ദ്രസർക്കാർ വിളിക്കേണ്ടത് സർവ്വകക്ഷി യോഗം ആണെന്നും ശരത് പവാർ പറഞ്ഞു.
Be the first to comment