
കോഴിക്കോട് മാമി തിരോധാന കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിനെതിരെ പരാതി. സ്ഥലം മാറ്റത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാമി ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.സ്ഥലം മാറ്റത്തിനെതിരെ മാമിയുടെ കുടുംബവും രംഗത്തെത്തിയിരുന്നു.
കോഴിക്കോട്ടെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയുടെ തിരോധാനം ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ഈ സംഘത്തിൽ പെട്ട രണ്ടുപേർക്കാണ് സ്ഥലംമാറ്റം.അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി യു പ്രേമനെ കണ്ണൂർ സിറ്റി ജില്ലാ ക്രൈം ബ്രാഞ്ചിലേക്കാണ് മാറ്റിയത്.പിന്നാലെ മേൽനോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐജി പ്രകാശനെ തീരദേശ പോലീസിലേക്കും മാറ്റിയിരുന്നു.ഇതിനെതിരെയാണ് മാമി ആക്ഷൻ കമ്മിറ്റി രംഗത്ത് എത്തിയത്.
സ്ഥലംമാറ്റത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.അന്വേഷണം കഴിയുന്നതുവരെ ഉദ്യോഗസ്ഥരെ മാറ്റരുതെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെടുന്നു.മാമിയുടെ തിരോധാനം ആദ്യം നടക്കാവ് പോലീസ് ആണ് അന്വേഷിച്ചിരുന്നത്. പിന്നീട് പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു. പി വി അൻവറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നു അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
Be the first to comment