പിഎസ്‌സി അംഗങ്ങള്‍ക്ക് വാരിക്കോരി; ശമ്പളത്തിന് പിന്നാലെ പെന്‍ഷനും വര്‍ധിപ്പിച്ച് സര്‍ക്കാര്‍

പിഎസ്‌സി ചെയര്‍മാന്റെയും അംഗങ്ങളുടെയും പെന്‍ഷന്‍ തുകയില്‍ വന്‍ വര്‍ദ്ധനയുണ്ടാകും. സര്‍ക്കാര്‍ ജീവനക്കാരായി ജോലിചെയ്ത ശേഷം പിഎസ്‌സി അംഗമോ, ചെയര്‍മാനോ ആകുന്നവര്‍ക്കാണ് വലിയ തുക പെന്‍ഷനായി ലഭിക്കുക. സര്‍ക്കാര്‍ ജീവനക്കാരായി ജോലി ചെയ്ത കാലഘട്ടം കൂടി കണക്കാക്കി പിഎസ്‌സി അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്. കടുത്ത സാമ്പത്തിക ബാധ്യതയാകും സര്‍ക്കാരിനുണ്ടാവുക.

നിയമപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ ആയിരുന്ന ഒരാള്‍ പിഎസ് സി അംഗമായാല്‍ അവര്‍ പിഎസ്-സി പെന്‍ഷനിലോ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷനിലോ ഒന്ന് മാത്രമെ തെരഞ്ഞെടുക്കാന്‍ കഴിയു. ഇതിലാണ് മാറ്റം വരുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇനി മുതല്‍ സര്‍ക്കാര്‍ ജീവനക്കാരായിരുന്നവര്‍ പിഎസ്‌സി അംഗമായാല്‍ സര്‍ക്കാര്‍ സര്‍വ്വീസ് കാലഘട്ടം കൂടി കണക്കാക്കി പെന്‍ഷന്‍ നല്‍കും. അവശ്യപ്പെടുന്ന എല്ലാവര്‍ക്കും ഈ രീതിയില്‍ പെന്‍ഷന്‍ അനുവദിച്ച് നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്. കഴിഞ്ഞ മന്ത്രിസഭായ യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം എടുത്തത്.

മുന്‍പ് പിഎസ് സി അംഗമായിരുന്ന ആളുകള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ പെന്‍ഷന്‍ ഉയര്‍ന്ന പോസ്റ്റില്‍ കൂടുതല്‍ കാലം സര്‍ക്കാര്‍ ജീവനക്കാരായി ജോലി ചെയ്തവര്‍ക്ക് ലഭിക്കുമായിരുന്നു. അതിനാല്‍ പി എസ് സി അംഗമായാലും പലരും പിഎസ് സി പെന്‍ഷന് പകരം സര്‍വ്വീസ് പെന്‍ഷന്‍ തെരഞ്ഞെടുത്തു. എന്നാല്‍ ഇപ്പോള്‍ പിഎസ് സി അംഗങ്ങള്‍ക്കും, ചെയര്‍മാനുമടക്കമുള്ള പെന്‍ഷന്‍ തുക കുത്തനെ ഉയര്‍ത്തി. ഇതോടെ മുന്‍പ് സര്‍വ്വീസ് പെന്‍ഷന്‍ തെരഞ്ഞെടുത്ത മുന്‍ പിഎസ് സി അംഗങ്ങളായ പി ജമീല, ഡോക്ടര്‍ ഗ്രീഷ്മ മാത്യു, ഡോക്ടര്‍ കെ ഉഷ എന്നിവര്‍ സര്‍വ്വീസ് പെന്‍ഷന്‍ മാറ്റി പിഎസ്‌സി പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.. കോടതി അനുകൂല വിധി നല്‍കി. എന്നാല്‍ സര്‍ക്കാര്‍ പെന്‍ഷന്‍ മാറ്റി നല്‍കുന്നതിന് പകരം ഒരു പടികൂടി കടന്ന് സര്‍ക്കാര്‍ സര്‍വ്വീസ് കാലഘട്ടം കൂടി കണക്കാക്കി പെന്‍ഷന്‍ നല്‍കാനാണ് ഉത്തരവ് ഇറക്കിയത്. നിലവിലെ ഉയര്‍ത്തിയ ശമ്പളം അനുസരിച്ച് 2 ലക്ഷത്തിന് മുകളില്‍ 6 വര്‍ഷം പിഎസ് സി അംഗമായിരുന്ന ഒരാള്‍ക്ക് ലഭിക്കും. പുതിയ ഉത്തരവ് കൂടി വന്നതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ ആയ ശേഷം പി എസ് സി അംഗമായ ആള്‍ക്ക് ഇതിലും ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*