
കെ സുധാകരന്റെ അനുഗ്രഹം തനിക്ക് മൂന്ന് തവണ കിട്ടിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അദ്ദേഹത്തിന് വലിയ അതൃപ്തി ഒന്നുമില്ലെന്നും കെപിസിസി പ്രസിഡന്റായി താന്‍ വന്നതില്‍ വലിയ സന്തോഷമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ സുധാകരന് തന്നെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ മനസിലാക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എഐസിസി നേതൃത്വത്തെ കണ്ടു. ശക്തമായി മുന്നോട്ട് പോകാന്‍ നിര്‍ദേശങ്ങള്‍ കിട്ടിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് നല്ല പ്രതികരണമാണ്. നേതൃനിര, പ്രവര്‍ത്തകര്‍, അണികള്‍, അനുഭാവികള്‍, യുഡിഎഫ് കക്ഷികള്‍, എന്നിവരെല്ലാം ഈ ടീമിനെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. ആവേശത്തിലും പ്രതീക്ഷയിലും യോജിപ്പിലും മുന്നോട്ട് നീങ്ങുകയാണ്- സണ്ണി ജോസഫ് പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കെ സുധാകരന് രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ നിരാശയുണ്ടെന്ന് കെ സുധാകരന് പറഞ്ഞു. സംസ്ഥാനത്ത് സംഘടനാപരമായി പോരായ്മ ഉണ്ടെന്ന് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു നേതാവ് നിരന്തരമായി എഐസിസി നേതൃത്വത്തെ അറിയിച്ചു. ഡല്‍ഹിയിലെ യോഗത്തില്‍ പോകുന്നതില്‍ അര്‍ത്ഥമില്ല എന്ന് കരുതിയതുകൊണ്ടാണ് പോകാതിരുന്നതെന്നും കെ സുധാകരന് തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം.
Be the first to comment