പാകിസ്താനെ അന്താരാഷ്ട്രതലത്തില്‍ തുറന്ന് കാട്ടാന്‍ ഇന്ത്യ; വിദേശ രാജ്യങ്ങളിലേക്ക് സര്‍വകക്ഷി സംഘത്തെ അയച്ചേക്കും

പാകിസ്താനെ അന്താരാഷ്ട്രതലത്തില്‍ തുറന്ന് കാട്ടാന്‍ ഇന്ത്യ. വിദേശരാജ്യങ്ങളിലേക്ക് ഇതുമായി ബന്ധപ്പെട്ട് സര്‍വകക്ഷി സംഘത്തെ അയച്ചേക്കും. വിദേശരാജ്യങ്ങളുമായി സംഘം ചര്‍ച്ച നടത്തും. വിദേശ മാധ്യമങ്ങളേയും സംഘം കാണും. സംഘാംഗങ്ങളെ സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എന്നാല്‍ സംഘം ഈ മാസം 23ന് തിരിച്ചേക്കും എന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍.

പാകിസ്താന്‍ ഭീകരത വളര്‍ത്തുന്ന രാജ്യമാണ്, എന്തുകൊണ്ട് ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നു, പഹല്‍ഗാം ഭീകരാക്രമണമാണ് ഇന്ത്യയുടെ പ്രത്യാക്രമണത്തിന് വഴിയൊരുക്കിയചത്, ഇത്തരം ആക്രമണങ്ങള്‍ പാകിസ്താന്റെ ഭാഗത്തു നിന്ന് ഉണ്ടായാല്‍ തിരിച്ചടി തീര്‍ച്ചയായും ഉണ്ടാകും തുടങ്ങിയ കാര്യങ്ങളായിരിക്കും ഇന്ത്യന്‍ പ്രതിനിധി സംഘം ലോക രാഷ്ട്രങ്ങളെ ധരിപ്പിക്കുക. പല പ്രധാനപ്പെട്ട രാജ്യങ്ങളുടെയും തലസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുക, അവിടുത്തെ സര്‍ക്കാരുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുക എന്നിവയെല്ലാം സംഘത്തിന്റെ ലക്ഷ്യങ്ങളാണ്.

സംഘത്തെ ആര് നയിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ജമ്മു കശ്മീര്‍ ആസാദ് പാര്‍ട്ടിയുടെ നേതാവ് ഗുലാം നബി ആസാദും അസദുദ്ദിന്‍ ഒവൈസിയും സംഘത്തിലുണ്ടാകും എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വേണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി പ്രത്യേക സമ്മേളനത്തിന്റെ ആവശ്യമില്ലെന്ന നിലപാടാണ് സര്‍ക്കാരിന് എന്നാണ് വിവരം.

Be the first to comment

Leave a Reply

Your email address will not be published.


*