മെസി കേരളത്തില്‍ ഫുട്‌ബോള്‍ കളിക്കാനെത്തും; തീയതി അറിയിക്കേണ്ടത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ കളിക്കാനെത്തുമെന്നും തീയതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിക്കുമെന്നും സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തിയതി അറിയിച്ചാല്‍ പണം നല്‍കുമെന്നും ആന്റോ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ആയിട്ടാണ് കരാര്‍ ആയിരിക്കുന്നത്. അതിന്റെ പ്രോസസ് നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ മെസി വരുമെന്നാണ് പ്രതീക്ഷ. അതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അര്‍ജന്റീന മുന്നോട്ട് വെച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം എഎഫ്എയെ അറിയിക്കുകയാണ് വേണ്ടത്. ശേഷം തിയ്യതി അനുവദിച്ചുതരും. രണ്ട് ഘട്ടങ്ങളിലായി ഒക്ടോബര്‍ ആറ് മുതല്‍ 14 വരെയും 10 മുതല്‍ 18 വരെയുമാണ് ഫിഫ അനുവദിച്ചു നല്‍കിയ ഇന്റര്‍നാഷണല്‍ ബ്രേക്ക്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍, ആര്‍ബിഐ, വിദേശ കാര്യമന്ത്രാലയം, ധനമന്ത്രാലയം എന്നിവരുടെ അനുമതി ഇതിനകം ലഭിച്ചു.

മെസി വരില്ലെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നമുക്ക് അനുവദിച്ച ദിവസങ്ങളൊഴിച്ച് അവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ കളിക്കാം. മെസി വരുന്നത് സംബന്ധിച്ച് എഎഫ്എയാണ് പ്രഖ്യാപിക്കേണ്ടത്. അര്‍ജന്റീന ടീം കേരളത്തിലേക്ക് എത്തിക്കുമ്പോള്‍ എതിര്‍ ടീമായി റാങ്കിംഗ് അന്‍പതിന് താഴെയുള്ള ടീമിനെ കൂടി കൊണ്ടുവരേണ്ടതുണ്ട്. അവരുമായും ചര്‍ച്ച നടക്കുകയാണ്. വലിയ തുക ചെലവാക്കിയിട്ടുള്ള കാര്യമാണ്. വരാന്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ കൊണ്ടുവരാനുള്ള ഏജന്‍സിയായി റിപ്പോര്‍ട്ടര്‍ ടിവി നില്‍ക്കും. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് കേരളത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അര്‍ജന്റീനയുടെ വലിയ ആരാധകര്‍ കേരളത്തില്‍ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് അവര്‍. കേരളത്തിലെ കായിക വകുപ്പ് മന്ത്രി ഇക്കാര്യത്തിലെടുത്ത പ്രയത്നം ചെറുതല്ലെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*