
എറണാകുളം നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ ന്യായീകരിച്ച് സിഐഎസ്എഫ് വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ശബ്ദ സന്ദേശം. കൊല്ലപ്പെട്ട ഐവിൻ ജിജോയെ ഗുണ്ടയായി ചിത്രീകരിക്കാനും ശ്രമം. ഐവിൻ അഞ്ച് പോലീസ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വ്യാജപ്രചാരണം.
ശബ്ദ സന്ദേശം ഗ്രൂപ്പിൽ ചർച്ചയായതോടെ ഡിലീറ്റ് ചെയ്തു. റെജി ജോർജ് എന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.’അവിടെ എന്താണ് സംഭവിച്ചതെന്നും ഇവർ ആരൊക്കെയാണെന്നും അറിഞ്ഞാൽ നമ്മൾ അത്ഭുതപ്പെട്ടുപോകും. വലിയ ഗുണ്ടകളായിരുന്നു അവർ. ഇവരുടെ തർക്കങ്ങൾ പേര് പറയാത്ത ഒരു സ്ഥാപനത്തിൽ വെച്ച് നടന്നു. പിന്നീട് പിന്നാലെ വന്ന് തർക്കമുണ്ടാക്കി. വണ്ടിക്ക് കുറുകെ വെച്ചു. നാലഞ്ച് പേർ ഇറങ്ങിവന്ന് കൈകൊണ്ട് ചില്ലിൽ അടിച്ചു. ആശുപത്രിയിൽ കിടക്കുന്ന സാറിന്റെ മുഖത്തിനിട്ട് ഇടിച്ചു. അങ്ങനെ പലതരത്തിലുള്ള ആക്രമണം നടത്തി. വണ്ടിയുടെ ബോണറ്റിൽ കയറിയിരുന്നപ്പോൾ ഇറങ്ങിപ്പോകാൻ പറഞ്ഞിട്ട് പോയില്ല. പെട്ടെന്ന് വാഹനം എടുത്തപ്പോൾ നാല് പേർ സൈഡിലേക്ക് പോയി. ഒരുത്തൻ മാത്രം അതിൽ കിടന്നു. അവൻ ആണെങ്കിൽ ഇവിടുത്തെ അറിയപ്പെടുന്ന ഗുണ്ടയാണ്. അഞ്ചോളം കേസുണ്ട്. തീർത്തും അക്രമകാരിയായിരുന്നു. ശല്യം സഹിക്കാതെ സർ അറ്റ കൈക്ക് ചെയ്തതാണ്. ജീവനും കൊണ്ട് ഓടിയപ്പോൾ അവൻ ആ ബോണറ്റിൽ കിടന്നു. പിന്നെ ഇവനെ കൊല്ലാതെ പറ്റില്ലായിരുന്നു’ എന്നായിരുന്നു ശബ്ദസന്ദേശത്തിൽ പറയുന്നത്.
ശബ്ദ സന്ദേശത്തിന് പിന്നിൽ ഉയർന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥർ എന്ന് ഐ വിന്റെ സുഹൃത്തുക്കൾ ആരോപിച്ചു. കൊന്നതിനുശേഷവും ഐവിന് മേൽ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണം എന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. കൊലപാതക കേസിൽ പ്രതികളായ ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള നീക്കം സിഐഎസ്എഫ് ആരംഭിച്ചിരുന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥരായ പ്രതികളെ എത്രയും പെട്ടന്ന് സർവീസിൽ നിന്ന് പിരിച്ചു വിടണമെന്ന് ഐവിന് ജിജോയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു.
പ്രതികൾ നിലവിൽ റിമാൻഡിലാണ്. 37 മീറ്റർ ബോണറ്റിൽ വലിച്ചുകൊണ്ടുപോയ ശേഷം ഐവിൻ റോഡിലേക്ക് വീണ് കാറിനടിയിൽ പെടുകയായിരുന്നു. ഐവിൻ ജിജോയെ കാറിടിപ്പിച്ച് കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ കൃത്യം നിർവഹിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
Be the first to comment