
ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് അനായസവും ആധികാരികവുമായി വിജയം പിടിച്ച് ഐപിഎൽ പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ ആ വിജയം മറ്റ് രണ്ട് ടീമുകള്‍ക്കു കൂടി ജീവ ശ്വാസമായി മാറി. ഫലത്തില്‍ ഗുജറാത്തിനൊപ്പം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും പഞ്ചാബ് കിങ്സും പ്ലേ ഓഫ് ഉറപ്പിച്ച അവസ്ഥയിലാക്കാന്‍ ഈ വിജയം കാരണമായെന്നു പറയാം.
ഇനി നാലാം സ്ഥാനക്കാരായി ആര് പ്ലേ ഓഫിലെത്തും എന്നു മാത്രമേ അറിയേണ്ടതുള്ളു. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, രാജസ്ഥാന് റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ പ്ലേ ഓഫിലെത്തില്ലെന്നു ഉറപ്പായിക്കഴിഞ്ഞു. ശേഷിക്കുന്ന ഒരു സ്ഥാനം മോഹിച്ച് മൂന്ന് ടീമുകളാണ് രംഗത്തുള്ളത്. മുംബൈ ഇന്ത്യന്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്.
മുംബൈ ഇന്ത്യന്‍സിന് 12 കളിയില്‍ 14 പോയിന്റുമായി നിലവില്‍ നാലാമതുണ്ട്. ഡല്‍ഹിക്ക് ഇത്രയും കളിയില്‍ നിന്നു 13 പോയിന്റും. 11 കളികള്‍ കളിച്ച ലഖ്നൗവിന് 10 പോയിന്റുകളാണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ അവര്‍ക്കും നിര്‍ണായകം.
മുംബൈ
മുംബൈക്ക് ഇനി ഡല്‍ഹിയുമായും പഞ്ചാബുമായുമാണ് മത്സരങ്ങള്‍. രണ്ടും ജയിച്ചാല്‍ അവര്‍ക്ക് പ്ലേ ഓഫിലെത്താം. ഒരു മത്സരമാണ് ജയിക്കുന്നതെങ്കില്‍ അത് ആരോടാണെന്നത് നിര്‍ണായകം. ഡല്‍ഹിയോടു ജയിച്ചാല്‍ പ്ലേ ഓഫിലെത്തുമെന്നു തന്നെ പ്രതീക്ഷിക്കാം. ഡല്‍ഹിയോടു തോല്‍ക്കുകയും പഞ്ചാബിനോടു ജയിക്കുകയും ചെയ്താല്‍ ഡല്‍ഹി- പഞ്ചാബ് പോരാട്ടത്തിലെ ഫലം നിര്‍ണായകമാകും. രണ്ട് കളിയും തോറ്റാല്‍ അവര്‍ പുറത്താകും.
ഡല്‍ഹി
ഡല്‍ഹിക്ക് മുംബൈ, പഞ്ചാബ് ടീമുകളാണ് ഇനി എതിരാളികള്‍. രണ്ടും ജയിച്ചാല്‍ പ്ലേ ഓഫിലെത്താം. മുംബൈയോടു തോറ്റാല്‍ അവര്‍ പുറത്ത്. മുംബൈയോടു ജയിക്കുകയും പഞ്ചാബിനോടു തോറ്റാലും ഡല്‍ഹിക്ക് നേരിയ പ്രതീക്ഷ ബാക്കിയുണ്ടാകും. പക്ഷേ പഞ്ചാബ് മുംബൈയെ തോല്‍പ്പിക്കുകയും ലഖ്നൗ അടുത്ത മൂന്ന് കളിയില്‍ ഒരു കളിയെങ്കിലും തോല്‍ക്കുകയും വേണം. ശേഷിക്കുന്ന രണ്ട് കളിയും തോറ്റാല്‍ ഡല്‍ഹി സ്വാഭാവികമായും പുറത്താകും.
ലഖ്നൗ
ഹൈദരാബാദ്, ഗുജറാത്ത്, ബംഗളൂരു ടീമുകള്‍ക്കെതിരെയാണ് ഇനി ലഖ്നൗവിന് മത്സരങ്ങള്‍ ഉള്ളത്. ഇനിയുള്ള ഈ മൂന്ന് മത്സരങ്ങളും അവര്‍ക്ക് ജയം അനിവാര്യം. മൂന്നും ജയിച്ചാലും മറ്റ് ടീമുകളുടെ ഫലവും നിര്‍ണായകം. ഡല്‍ഹി മുംബൈയെ വീഴ്ത്തണം. ഡല്‍ഹി പഞ്ചാബിനോടു തോല്‍ക്കുകയും വേണം. അതാണ് ഒരു സാധ്യത. മുംബൈ ഇന്ത്യന്‍സ് അവരുടെ രണ്ട് കളിയും തോല്‍ക്കുന്നതാണ് മറ്റൊരു സാധ്യത. മൂന്ന് കളികളും ജയിച്ച് ഈ പറഞ്ഞ ഫലങ്ങളൊക്കെ സംഭവിച്ചാലും നെറ്റ് റണ്‍റേറ്റ് വര്‍ധിപ്പിക്കാന്‍ വമ്പന്‍ ജയങ്ങളും ലഖ്നൗവിന് വേണ്ടി വരും.
Be the first to comment