
നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി. BNS 103 ( 1 ) വകുപ്പു പ്രകാരമാണ് കേസ്. ചെങ്ങമനാട് പോലീസാണ് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കല്യാണിയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ ഉടന്‍ നടക്കും. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തി.
സന്ധ്യയുടെ പെരുമാറ്റത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഭര്‍തൃമാതാവ് രാജമ്മ പറഞ്ഞു. മാനസിക പ്രശ്നങ്ങളില്ലെന്നാണ് ബന്ധുക്കള്‍ പറഞ്ഞതെന്നും കല്യാണിയുടെ മുത്തശി പറഞ്ഞു.
വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കൊല്ലപ്പെട്ട നാല് വയസുകാരിയുടെ അച്ഛനും സഹോദരനും പറഞ്ഞു. മദ്യപിച്ച് പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്ന ആരോപണം തെറ്റാണെന്നും അമ്മ കുട്ടികളെ മുന്‍പും ഉപദ്രവിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
ഒരുമാസമായി താന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പിതാവ് ആശുപത്രിയില്‍ ആയതുകൊണ്ടാണ് ഇപ്പോള്‍ വന്നതെന്നും കല്യാണിയുടെ അച്ഛന് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ കൂടി എനിക്ക് ചായയും മറ്റും എടുത്തു തന്നതാണ്. കൊച്ചിനെ അങ്കണവാടിയില്‍ കൊണ്ടുപോകാന്‍ ഞാനാണ് റെഡിയാക്കിയത്. കുട്ടി പോകുന്നില്ലെന്ന് പറഞ്ഞതാണ്. ഉച്ചയ്ക്ക് 11 മണിയാകുമ്പോള്‍ സന്ധ്യ വിളിച്ചു. കുക്കറിന്റെ വാഷര്‍ പൊട്ടിപ്പോയെന്ന് പറഞ്ഞു. ഞാന്‍ വന്നിട്ട് ശരിയാക്കാമെന്ന് പറഞ്ഞു – കല്യാണിയുടെ അച്ഛന് പറയുന്നു.
അമ്മ വീട്ടില്‍ നിന്ന് പോയത് അറിഞ്ഞിരുന്നില്ലെന്ന് കല്യാണിയുടെ സഹോദരന് പറയുന്നു. പോകുന്നത് കണ്ടിരുന്നില്ല. കടയില്‍ പോകണമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടു പോയി. അച്ഛന്റെ വീട്ടില്‍ നിന്ന് അമ്മയുടെ വീട്ടില്‍ എത്തിച്ച ശേഷമാണ് കൊല്ലാന്‍ ശ്രമിച്ചത്. ഐസ്ക്രീം വാങ്ങി, ബാത്ത്റൂമില്‍ കയറി അതില്‍ വിഷം കലര്‍ത്തി ഞങ്ങള്‍ക്ക് തരാന്‍ നോക്കി. ഇതുകണ്ട് കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ടോര്‍ച് ഉപയോഗിച്ച് അടിച്ചു. ഞങ്ങള്‍ വീടിന്റെ പിറക് വശത്തുകൂടി ഇറങ്ങി ഓടി – സഹോദരന് പറയുന്നു.
Be the first to comment