‘ഇവിടെ പാലമാണ് അനുയോജ്യം, ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയെ കുറിച്ച് ആദ്യമേ പറഞ്ഞതാണ്’; പി കെ കുഞ്ഞാലിക്കുട്ടി

കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടത്തിൽ പ്രതികരണവുമായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഗൗരവത്തോടെ ഇടപെടണം. കൂരിയാട് ദേശീയ പാത നിർമ്മാണത്തിലെ അശാസ്ത്രീയതയെ കുറിച്ച് ആദ്യമേ പറഞ്ഞതാണ്.

ഇവിടെ പാലമാണ് അനുയോജ്യം എന്നും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ സംഭവിച്ചത് താൽക്കാലിക പ്രശ്നം എന്നാണ് ദേശീയപാതയുടെ അധികൃതർ യോഗത്തിൽ പറയുന്നത്. നാളെ വിദഗ്ധസംഘം സ്ഥലം സന്ദർശിക്കുമെന്ന് NHAI അറിയിച്ചു. ഇതിനുശേഷം വീണ്ടും ജനപ്രതിനിധികളുമായി ചർച്ച നടത്തും.

ഇന്നലെ തലനാരിഴ്ക്കാണ് ആളുകൾ രക്ഷപ്പെട്ടത്. ഇനി എന്തെങ്കിലും അപകടമുണ്ടായാൽ ഉത്തരവാദിത്വം ദേശീയപതാ അതോറിറ്റിക്ക് ആയിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതിനിടെ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലാ കളക്ടർ യോഗം വിളിച്ചു. സിവിൽ സ്റ്റേഷനിൽ നടന്ന യോഗത്തിൽ എൻഎച്ച്എഐ അപകടത്തെ കുറിച്ച് വിശദീകരണം നൽകി. മഴയെ തുടർന്ന് വയൽ ഭൂമി വികസിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ദേശീയപാത അതോറിറ്റി വിശദീകരിച്ചത്.

അപകടത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്നംഗ സ്വതന്ത്ര വിദഗ്‌ധ സംഘത്തെ എൻഎച്ച്എഐ നിയോഗിച്ചിട്ടുണ്ട്. ഈ സംഘം നാളെ സ്ഥലം സന്ദർശിക്കുമെന്നും നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. റിപ്പോർട്ട് പരിഗണിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*