വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവിനായി മാറ്റി

വഖഫ് ഭേദഗതി നിയമത്തിന് എതിരായ ഹര്‍ജികള്‍ സുപ്രിംകോടതി വിധി പറയാന്‍ മാറ്റി. ഹര്‍ജിക്കാരുടെയും കേന്ദ്രത്തിന്റെയും വാദം പൂര്‍ത്തിയായി. മൂന്ന് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷമാണ് വിധിപറയാന്‍ മാറ്റിയത്. ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായുടെ ബെഞ്ചാണ് വാദം കേട്ടത്. കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിക്കാരുടെ വാദങ്ങളെ ശക്തമായി എതിര്‍ത്തിരുന്നു.

നിയമനമോ വകുപ്പുകളോ സ്റ്റേ ചെയ്യണോ എന്നതില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തീരുമാനം എടുക്കും. വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം അല്ല എന്നായിരുന്നു സുപ്രിംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദം. നിയമം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിന് അടിസ്ഥാനമില്ല എന്നും കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. വഖഫ് ഭേദഗതി നിയമത്തില്‍ നിര്‍വചിച്ച പട്ടികവര്‍ഗ്ഗ മേഖലയിലെ ജനവിഭാഗങ്ങളുടെ സ്വത്ത് സംരക്ഷണം ഭരണഘടനാപരമാണ്. സുപ്രിംകോടതി മുന്‍കാല വിധിയിലൂടെ ഇക്കാര്യം അംഗീകരിച്ചിട്ടുണ്ട് എന്നും കേന്ദ്രം പറഞ്ഞു.

കേന്ദ്രത്തെ ശക്തമായി എതിര്‍ത്ത് ഉച്ചയ്ക്കുശേഷം ഹര്‍ജിക്കാരും വാദങ്ങള്‍ ഉന്നയിച്ചു. ശവസംസ്‌കാരത്തിനായി 200 വര്‍ഷം മുന്‍പ് സര്‍ക്കാര്‍ വിട്ടുനല്‍കിയ ഭൂമി എങ്ങനെ തിരിച്ചെടുക്കാനാകുമെന്ന ചോദ്യമാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദിച്ചത്. ഇസ്ലാം മതത്തിലെ അഭിവാജ്യ ഘടകമാണ് വഖഫ് എന്ന് അഭിഭാഷകന്‍ രാജീവ് ധവാനും കോടതിയില്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ മൂന്നു ദിവസമാണ് ഹര്‍ജികളില്‍ വാദം തുടര്‍ന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*