
ഇന്ത്യ-പാക് സംഘർഷത്തിൽ വിദേശകാര്യമന്ത്രിയോട് വീണ്ടും ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി. ഇന്ത്യക്കും പാകിസ്താനുമിടയിൽ മധ്യസ്ഥത വഹിക്കാൻ ഡോണൾഡ് ട്രംപിനോട് ആരാണ് ആവശ്യപ്പെട്ടതെന്നും പാകിസ്താനെ ഒരു രാജ്യം പോലും അപലപിക്കാത്തത് എന്തെന്നും രാഹുൽ ഗാന്ധി ചോദിച്ചു. പൊതുപ്രവർത്തനത്തിൽ രാഹുൽ മാന്യത കാണിക്കണമെന്നാണ് ബിജെപിയുടെ പ്രതികരണം.
ഇന്ത്യയെയും പാകിസ്താനെയും എന്ത് കൊണ്ടാണ് തുല്യമായി കാണുന്നതെന്നും രാഹുൽ ചോദ്യം ഉന്നയിച്ചു. ഇന്ത്യയുടെ വിദേശനയം തകർന്നിരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ദേശസുരക്ഷയെ ബാധിക്കുന്ന ചോദ്യങ്ങൾ രാഹുൽ ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഓപ്പറേഷൻ സിന്ദൂർ തുടരുമ്പോഴും രാഹുൽ ഗാന്ധി അശ്രദ്ധമായ പ്രസ്താവനകളാണ് നടത്തുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.
ഇന്ത്യയെയും സൈന്യത്തിന്റെ മനോവീര്യത്തെയും എങ്ങനെ ദുർബലപ്പെടുത്താം എന്നതിനെക്കുറിച്ച് പാകിസ്താനുമായി ചർച്ച ചെയ്യുന്ന തിരക്കിലാണ് രാഹുൽ ഗാന്ധി എന്ന് ബിജെപി വാക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. സര്‍വകക്ഷി യോഗത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഈ ചോദ്യങ്ങള്‍ ചോദിക്കാമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെറുക്കുമ്പോൾ തന്നെ കോൺഗ്രസ് നേതാവ് 140 കോടി ഇന്ത്യക്കാരെയും വെറുക്കുന്നുവെന്ന് ഗൗരവ് ഭാട്ടിയ വിമർശിച്ചു.
Be the first to comment