
സ്മാര്‍ട്ട് റോഡ് വിഷയത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വിശദീകരണം ചോദിച്ചെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എന്ത് അസത്യവും പ്രചരിപ്പിക്കാമെന്ന നിലയാണ്. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ തനിക്കെതിരെ വരുന്ന നെഗറ്റീവ് വാര്‍ത്തകളുടെ എണ്ണം കൂടുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
താന്‍ ആ യോഗത്തില്‍ പൂര്‍ണമായും പങ്കെടുത്തതാണെന്നും അത്തരമൊരു പരാമര്‍ശം എവിടെയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അത് അസംബന്ധമാണെന്ന് പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്. എന്തും ഏതും പ്രചരിപ്പിക്കാം എന്ന നിലയാണ്. പ്രചരിപ്പിക്കുന്നവര്‍ക്ക് അതില്‍ ആത്മസംതൃപ്തി കിട്ടുകയാണെങ്കില്‍ അത് ഉണ്ടായിക്കോട്ടെ. പക്ഷേ, അതൊന്നും നമ്മളെ ബാധിക്കുന്ന പ്രശ്നമല്ല. ഏല്‍പ്പിച്ച ഉത്തരവാദിത്തം എന്താണോ അത് നിര്‍വഹിച്ച് പോരുക. അതില്‍ ഒരു ഭയവുമില്ല – മന്ത്രി വ്യക്തമാക്കി.
പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരെ മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിച്ചു എന്ന വാര്‍ത്ത തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും തള്ളിയിരുന്നു. സ്മാര്‍ട്ട് സിറ്റി റോഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തത് മഴക്കാല ശുചീകരണത്തിന്റെ നിര്‍ണായയോഗം ഉണ്ടായിരുന്നത് കൊണ്ടാണെന്നുമാണ് എം ബി രാജേഷ് പറഞ്ഞത്. വാര്‍ത്തകള്‍ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസും വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഹൈവേ റോഡുകള്‍ തകര്‍ന്ന വിഷയത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വാര്‍ത്തക്കുറിപ്പ് ഇറക്കിയെങ്കിലും, സ്മാര്‍ട്ട് സിറ്റി റോഡ് പരാമര്‍ശിച്ചിരുന്നില്ല.
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ സ്മാര്‍ട്ട് സിറ്റി റോഡിന്റെ ഉദ്ഘാടന പ്രചാരണ ഫ്ളക്സുകളില്‍ എം ബി രാജേഷിനെ ഒഴിവാക്കിയതും, മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാത്തതമായിരുന്നു വിവാദമായത്. പി എ മുഹമ്മദ് റിയാസിനെതിരെ എം ബി രാജേഷ് പരാതി പറഞ്ഞതിനാലാണ് മുഖ്യമന്ത്രി ചടങ്ങില്‍ എത്താത്തത് എന്നായിരുന്നു വിവരം.
Be the first to comment