കേരളത്തിന് കേന്ദ്രം നൽകാനുള്ള ധനസഹായം ഉടന്‍ ലഭ്യമാക്കണം; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കെ.വി.തോമസ്

ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് ഇന്‍സെന്റീവായി സംസ്ഥാനത്തിന് കേന്ദ്രം നല്‍കാനുള്ള പ്രത്യേക സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനോട് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് അഭ്യര്‍ഥിച്ചു.

ഇന്നലെ വൈകുന്നേരം അഞ്ചിന് നോര്‍ത്ത് ബ്ലോക്കിലെ ധനമന്ത്രാലയത്തിലായിരുന്നു കൂടിക്കാഴ്ച. അടിയന്തിരമായി 1500 കോടി രൂപയുടെ സഹായമാണ് കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കേണ്ടത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശിപാര്‍ശ അനുസരിച്ച് കേരളത്തിന്റെ വായ്പ പരിധി ഉയര്‍ത്തുന്നതിനുള്ള നടപടിയും ഉടന്‍ വേണമെന്ന് അദ്ദേഹം കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ 3323 കോടി രൂപയാണ് കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്ന് വെട്ടികുറച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെയും ആര്‍.ബി.ഐയുടെയും നിര്‍ദ്ദേശ പ്രകാരം ഗ്യാരന്റി റിഡംപ്ഷന്‍ ഫണ്ടിന്റെ തിരിച്ചടവും സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ഗോ ഓപ്പറേഷനില്‍ കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാര്‍ജ്ജുകളില്‍ ഇളവ് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കെ.വി.തോമസ് ധനമന്ത്രിയോട് ആവശ്യപ്പെട്ടു. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ സി. ദിനേശ് കുമാര്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസിനോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഈ കാര്യം കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

‘ഭാവിയ്ക്കുവേണ്ടി സമ്പാദിക്കുക ‘എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രൊഫ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റിന്റെ പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റില്‍ കേന്ദ്രധനമന്ത്രി നിര്‍വ്വഹിക്കാമെന്ന് ഉറപ്പു നല്‍കിയെന്ന് കെ.വി.തോമസ് പറഞ്ഞു. പതിനായിരം വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. എറണാകുളം ജില്ലയില്‍ ചെല്ലാനം പുത്തന്‍തോട് ഗവണ്‍മെന്റ് സ്‌കൂളിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹായത്തോടെയുള്ള ഈ പദ്ധതിയ്ക്ക് തുടക്കമിടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കെ.വി.തോമസ് മാധ്യമപ്രവര്‍ത്തകര്‍ക്കും ജീവനക്കാർക്കും കേക്ക് നൽകി. കേരളഹൗസിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ പായസ വിതരണവും നടത്തി.

Be the first to comment

Leave a Reply

Your email address will not be published.


*