
ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നു ഭിക്ഷാടന സമരം നടത്തുകയും, പിന്നീട് കെപിസിസി വീട് വെച്ച് നല്‍കുകയും ചെയ്ത അടിമാലി ഇരുനൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടി ചാക്കോ ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 88 വയസുള്ള അവര്‍ ബിജെപിയില്‍ ചേര്‍ന്നതിന് ഞങ്ങള്‍ എന്തു പറയാന്‍, ദുരിതം കണ്ടപ്പോഴാണ് സഹായിച്ചത് എന്നായിരുന്നു പ്രതികരണം.
ബിജെപിയില്‍ പല ആളുകളും ചേരുന്നുണ്ട്. എസ്എഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഒരാള്‍ കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നു. 88 വയസുള്ള അവര്‍ ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നതിന് ഞങ്ങള്‍ എന്ത് കമന്റ് പറയാന്‍. അവര്‍ക്ക് ദുരിതം വന്നു കഴിഞ്ഞപ്പോള്‍ അവരെ സഹായിച്ചു. ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരണം, പ്രവര്‍ത്തിക്കണം എന്നൊക്കെ ഓരോരുത്തര്‍ക്കും ഓരോ സ്വാതന്ത്ര്യം ഉള്ളതാണ്. തിരുവനന്തപുരത്തെ എസ്എഫ്‌ഐ നേതാവ് എങ്ങനെയാണ് ബിജെപിയില്‍ ചേര്‍ന്നത് – വി ഡി സതീശന്‍ പറഞ്ഞു.
മറിയക്കുട്ടിയെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രംഗത്തെത്തിയിരുന്നു. വീട് നല്‍കിയവരെ വേണ്ടെന്ന് വച്ച് കിണറ്റില്‍ വീണ പൂച്ചയെ എടുക്കാന്‍ വന്നവരുടെ പാര്‍ട്ടില്‍ ചേര്‍ന്നുവെന്നാണ് പരിഹാസം. മറിയക്കുട്ടിയുടെ പേര് പറയാതെയാണ് മറുപടി. ആപത്ഘട്ടത്തില്‍ കോണ്‍ഗ്രസ് കൂടെ നിന്നില്ലെന്ന് മറിയക്കുട്ടി പറഞ്ഞത് ജനം വിലയിരുത്തട്ടേയെന്ന് സണ്ണി ജോസഫ് പറഞ്ഞു. വീടില്ലാത്ത എല്ലാവര്‍ക്കും വീട് വേണം എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുപാട് പൂച്ചകള്‍ കോണ്‍ഗ്രസ് ഓഫീസില്‍ വീഴുന്നുണ്ടെന്ന് മറിയക്കുട്ടി തിരിച്ചടിച്ചു.
സുരേഷ് ഗോപിയുടെ ഇടപെടലില്‍ ബിജെപി അനുഭാവം പ്രകടിപ്പിച്ച മറിയക്കുട്ടി ഇന്നലെ തൊടുപുഴയില്‍ നടന്ന വികസിത കേരളം കണ്‍വെന്‍ഷനിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
Be the first to comment