
കണ്ണൂര്‍ ചെറുപുഴയില്‍ എട്ട് വയസുകാരിയെ അച്ഛൻ മർദിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കും. തുടര്‍ നടപടികള്‍ സ്വീകരിക്കാൻ കണ്ണൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്ക് നിർദേശം നൽകി ആവശ്യമെങ്കില്‍ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കും.
കുട്ടിയെ ക്രൂരമായി മർദിച്ച ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബാലാവകാശ കമ്മീഷനും ചെറുപുഴ പൊലീസും അച്ഛൻ ജോസിനെതിരെ കേസ് എടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട്, BNS ൽ കുട്ടിയെ തടഞ്ഞുവെച്ച് ദേഹോപദ്രവം ഏൽപ്പിച്ചു എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. മർദന ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് എട്ട് വയസുകാരിയുടെ കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇതിന് മുമ്പും ജോസ് മദ്യപിച്ചെത്തി കുട്ടികളെ മർദിച്ചിട്ടുണ്ടെന്നും പൊലീസ് നടപടി എടുക്കാത്തതുകൊണ്ടാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും കുട്ടികളുടെ മാതാവിന്റെ സഹോദരി അനിത പറഞ്ഞു.
എട്ട് വയസുകാരിയുടെ സഹോദരനാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുട്ടി അമ്മയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുവെന്ന വിചിത്രമായ ന്യായം പറഞ്ഞായിരുന്നു മര്‍ദനം. മാതാവ് കുറച്ചുകാലമായി വീട്ടില്‍ നിന്ന് മാറിയാണ് നില്‍ക്കുന്നത്. മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാട്ടുകാരില്‍ ചിലര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു.
നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ രാത്രി ഇവരുടെ വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ പിതാവിനെ സംരക്ഷിക്കുന്ന തരത്തിലാണ് മൊഴി നല്‍കിയത്. അമ്മ വീട്ടിലേക്ക് തിരിച്ചുവരുന്നതിന് വേണ്ടി ഒരു പ്രാങ്ക് വിഡിയോ എടുക്കുകയായിരുന്നു തങ്ങളെന്നാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞിരുന്നത്.
Be the first to comment