
തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ കാഴ്ചപ്പാട് 24ാം പാർട്ടി കോൺഗ്രസ് മുന്നോട്ടു വെച്ചതാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ബിജെപിയുടെയും സഖ്യശക്തികളുടെയും സ്വാധീനം കുറയ്ക്കാനാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ബിജെപിയെയും സഖ്യകക്ഷികളെയും തോൽപ്പിക്കുക. ബിജെപിയുടെയും സഖ്യ ശക്തികളുടെയും സ്വാധീനം ജനങ്ങൾക്കിടയിൽ വർദ്ധിപ്പിക്കാതിരിക്കാൻ അനുവദിക്കാതിരിക്കുക. സാധ്യതയുള്ള സീറ്റുകൾ എല്ലാം ജയിക്കാൻ കഴിയണം. ഓരോ സംസ്ഥാനത്തും സാഹചര്യം കണക്കിലെടുത്താണ് തീരുമാനം എടുക്കേണ്ടത്.
സ്ഥാനാർത്ഥിനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാനങ്ങൾ ആണ് തീരുമാനിക്കേണ്ടത്. പൊതുവിലുള്ള രാഷ്ട്രീയ നയം പാർട്ടി തീരുമാനിച്ചിട്ടുണ്ട് . നിലമ്പൂർ നിലനിർത്താൻ ശക്തമായി ഇടപെട്ട് പ്രവർത്തിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും എം എ ബേബി വ്യക്തമാക്കി.
കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ആണ് വന്നിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ചുരുക്കം ദിവസങ്ങൾ മാത്രമേ പ്രചരണത്തിന് ഉള്ളൂ. എൽഡിഎഫ് താഴെത്തട്ടിലുള്ള പ്രവർത്തനം നടന്ന് വരികയാണ്. പി വി അൻവർ യു ഡി എഫിന് വേണ്ടി എൽഡിഎഫിനെ ഒറ്റുകൊടുക്കുന്ന നിലപാടാണ്.
പി വി അൻവറിൻ്റെ യാത്ര യുഡിഎഫിന് വേണ്ടിയാണ്. നെറികെട്ട നിലപാടാണ് അൻവറിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ ജയിക്കും. എൽഡിഎഫ് വലിയ കുതിപ്പ് നടത്തും. അവസരവാദ രാഷ്ട്രീയത്തെ തുറന്ന് കാട്ടും. മൂന്നാം എൽഡിഎഫ് സർക്കാറിലേക്കുള്ള തുടക്കമായിരിക്കും നിലമ്പൂർ എന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. പ്രമുഖ സ്ഥാനാർഥി ആയിരിക്കും മത്സരരംഗത്ത്. യുഡിഎഫ് വലിയ പ്രതിസന്ധിയിലാണ്. എല്ലാവരും മുഖ്യമന്ത്രിയാകാൻ തയ്യാറായി നിൽക്കുകയാണ്. നിലമ്പൂരിലും വർഗ്ഗീയ കൂട്ടുകെട്ടിന് യുഡിഎഫ് ശ്രമിക്കും. അതിനെ എൽഡിഎഫ് പ്രതിരോധിക്കും എന്നും അദ്ദേഹം പറഞ്ഞു.
Be the first to comment