‘ഡിജിഎംഒ തലത്തിലല്ലാതെ ഇന്ത്യയും പാകിസ്താനും തമ്മിൽ ചർച്ച നടന്നിട്ടില്ല’: കേന്ദ്ര സർക്കാർ

ഡിജിഎംഒ തലത്തിലല്ലാതെ ഇന്ത്യയും പാകിസ്താനും തമ്മിൽ ഒരു സംഭാഷണവും നടന്നിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ആക്രമണങ്ങൾക്ക് ശേഷം മാത്രമാണ് ഡിജിഎംഒ തലത്തിൽ അറിയിച്ചതെന്നും സർക്കാർ വ്യക്തമാക്കി. ഭീകരതയെക്കുറിച്ചുള്ള പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് വിശദീകരണം. ഭീകരതക്കെതിരായ പോരാട്ടത്തിൽ ലോകരാജ്യങ്ങൾ ഇന്ത്യയെ പിന്തുണച്ചു.തുർക്കി, അസർബൈജാൻ, ചൈന എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്ന് ഒഴികെ മറ്റെല്ലാം രാജ്യങ്ങളുടെയും പിന്തുണ ലഭിച്ചുവെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു.

ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിച്ചേര്‍ന്നത് ഉഭയസമ്മത പ്രകാരമാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചിരുന്നു. ഡല്‍ഹിയില്‍ ഞായറാഴ്ച ചേര്‍ന്ന എന്‍ഡിഎ നേതാക്കളുടെ യോഗത്തില്‍ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരുമായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. വെടിനിര്‍ത്തല്‍ ധാരണയിലെത്തിച്ചേരാന്‍ ആവശ്യപ്പെട്ട് പാകിസ്താന്‍ ഇന്ത്യയെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തിച്ചേര്‍ന്നതിന് പിന്നാലെ അതിന് വഴിവെച്ചത് തന്റെ ഇടപെടലാണെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യ അന്നേ ഈ വാദത്തെ തള്ളിക്കളഞ്ഞിരുന്നെങ്കിലും ട്രംപ് പിന്നീടും സമാനവാദം ഉയര്‍ത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*