
തിരുവനന്തപുരം: പത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യല്‍റ്റി ആശുപത്രി നിര്‍മിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയില്‍ നാട്ടുകാര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് 9 കോടി രൂപയോളം ചെലവഴിച്ച് ആശുപത്രി നിര്‍മിക്കുന്നത്. അധികഫണ്ട് ആവശ്യമെങ്കില്‍ അനുവദിക്കാന്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
ആധുനിക മരുന്നിനൊപ്പം ആയുഷിനും പ്രാധാന്യം നല്‍കും. തീര്‍ഥാടന കാലത്ത് വിപുലമായ സ്‌പെഷ്യല്‍റ്റി സേവനങ്ങളൊരുക്കും. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിര്‍മാണം ആരംഭിച്ച് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. മൂന്ന് നിലകളില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആശുപത്രിയാണ് സജ്ജമാക്കുക. ഒന്നാം നിലയില്‍ 12 കിടക്കകളുള്ള കാഷ്വാലിറ്റി സംവിധാനം, ഒപി വിഭാഗങ്ങള്‍, 7 കിടക്കകളുള്ള ഒബ്‌സര്‍വേഷന്‍ വാര്‍ഡ്, റിസപ്ഷന്‍, ലാബ്, സാംപിള്‍ കലക്ഷന്‍ സെന്റര്‍, നഴ്‌സസ് സ്‌റ്റേഷന്‍, ഇന്‍ജക്ഷന്‍ റൂം, ഇസിജി റൂം, ഡ്രെസിങ് റൂം, പ്ലാസ്റ്റര്‍ റൂം, ഫാര്‍മസി, സ്‌റ്റോര്‍, പൊലീസ് ഹെല്‍പ് ഡെസ്‌ക്, ലിഫ്റ്റുകള്‍, അറ്റാച്ച്ഡ് ശുചിമുറികള്‍ എന്നീ സൗകര്യങ്ങളാണ് ഉണ്ടാകുക.
രണ്ടാം നിലയില്‍ 8 കിടക്കകളുള്ള ഐസിയു, നഴ്‌സസ് സ്‌റ്റേഷന്‍, എല്ലാവിധ സൗകര്യങ്ങളുള്ള മൈനര്‍ ഓപ്പറേഷന്‍ തിയറ്റര്‍, എക്‌സ്‌റേ റൂം, 13 കിടക്കകളുള്ള വാര്‍ഡ്, ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടേയും മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, ഓഫിസ്, ശുചിമുറികള്‍ എന്നിവയാണ് ഒരുക്കുന്നത്. മൂന്നാം നിലയില്‍ 50 കിടക്കകളുള്ള ഡോര്‍മിറ്ററി സംവിധാനമുണ്ടാകും.
Be the first to comment