സ്ത്രീകളിലെ ഹൃദയാഘാതം; തിരിച്ചറിയാകാതെ പോകരുത്, ലക്ഷണങ്ങൾ ഇവയാണ്

ലോകത്തുടനീളം ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദ്രോഗം കരണമാണ്. പുരുഷന്മാരിലാണ് ഹൃദ്രോഗം കൂടുതലായി കണ്ടുവന്നിരുന്നതെങ്കിലും ഇന്ന് സ്ത്രീകൾക്കിടയിലും രോഗം വർധിച്ചുവരികയാണ്. തെറ്റായ ഭക്ഷണക്രമം, മോശം ജീവിതശൈലി, എന്നിവയെല്ലാമാണ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്ന പ്രധാന ഘടകങ്ങൾ. രോഗനിർണയവും ചികിത്സയും വൈകുന്നതിനാൽ സ്ത്രീകൾക്കിടയിലെ മരണത്തിന് ഒരു പ്രധാന കരണമായി ഹൃദ്രോഗം തുടരുന്നു. സ്ത്രീകളിലെ ഹൃദ്രോഗ ലക്ഷണങ്ങൾ പുരുഷന്മാരിലേതിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. ഇത് രോഗം തിരിച്ചറിയാതെ പോകുകയും സങ്കീർണതയിലേക്ക് നയിക്കുകയും ചെയ്യും. രോഗം നേരത്തെ കണ്ടെത്താനായാൽ കൃത്യസമയത്ത് ചികിത്സ നൽകാനും ജീവൻ സംരക്ഷിക്കാനും സാധിക്കും. സ്ത്രീകളിലെ ഹൃദ്രോഗ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കാം.

കഴുത്ത്, താടിയെല്ല്, പുറം മുകൾഭാഗം എന്നിവിടങ്ങളിൽ വേദന
ഹൃദ്രോഗമുള്ള സ്ത്രീകളിലും പുരുഷന്മാരിലും നെഞ്ചുവേദന സാധാരണമാണ്. എന്നാൽ സ്ത്രീകളിൽ കഴുത്ത്, താടിയെല്ല്, പുറത്തിന്‍റെ മുകളൾ ഭാഗം എന്നിവിടങ്ങളിൽ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെട്ടേക്കാം. നേരിയ വേദനയായായിരിക്കും പലർക്കും അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ ദന്തസംബന്ധമായ പ്രശ്‌നങ്ങളായോ പേശികളുടെ ബുദ്ധിമുട്ടയോ ഇത് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. അതിനാൽ ഇത്തരം അസ്വസ്ഥകൾ നേരിട്ടാൽ ആരോഗ്യ വിദഗ്‌ധന്‍റെ സഹായം തേടേണ്ടതാണ്.

ശ്വാസം മുട്ടൽ
സ്ത്രീകളിൽ കാണപ്പെടുന്ന വിശദീകരിക്കാനാവാത്ത ശ്വാസം മുട്ടൽ ഹൃദ്രോഗത്തിന്‍റെ ഒരു ലക്ഷണമാണ്. വിശ്രമിക്കുമ്പോഴോ എന്തെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴോ ഇത് അനുഭവപ്പെട്ടെക്കാം. മറ്റ് പല രോഗലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ പലപ്പോഴും ഇത് അവഗണിക്കപ്പെടുന്നു. ഇത് സങ്കീർണതയ്ക്ക് കാരണമാകും.

ഓക്കാനം, ഛർദ്ദി
സ്ത്രീകളിൽ ഹൃദയാഘാത ലക്ഷണമായി ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒന്നാണ് ഓക്കാനം അല്ലെങ്കിൽ ഛർദ്ദി. ദഹന സംബന്ധമായ പ്രശ്‌നങ്ങളുടെ ലക്ഷണമായി ഇത് തെറ്റുദ്ധരിക്കപ്പെടുന്നതിനാൽ രോഗനിർണയം, ചികിത്സ എന്നിവ വൈകാൻ ഇടയാക്കും.

അസാധാരണമായ ക്ഷീണം
അകാരണമായി അനുഭവപ്പെടുന്ന ക്ഷീണം, ബലഹീനത എന്നിവ ഹൃദ്രോഗത്തിന്‍റെ ഒരു സാധാരണ ലക്ഷണമാണ്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതും വിട്ടുമാറാത്തതുമായ ക്ഷീണം അനുഭവപ്പെട്ടാൽ ഡോക്‌ടറെ സമീപിച്ച് രോഗനിർണയം നടത്തേണ്ടത് അത്യാവശ്യമാണ്.

തലകറക്കം
സ്ത്രീകളിൽ കാണപ്പെടുന്ന തലകറക്കം, ബോധക്ഷയം എന്നിവ ഹൃദയാഘാതത്തിന്‍റെ മറ്റൊരു ലക്ഷണമാണ്. ഹൃദയം ഫലപ്രദമായി രക്തം പമ്പ് ചെയ്യാതെ വരുമ്പോഴാളാണ് ഈ ലക്ഷണങ്ങൾ കണ്ടുവരുന്നത്.

ദഹനക്കേട്, നെഞ്ചെരിച്ചിൽ
ഹൃദയാഘാതത്തിന്‍റെ മറ്റൊരു സൂചനയാണ് ദഹനക്കേട് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ. ദഹന സംബന്ധമായ പ്രശ്‌നങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നതിനാൽ പലപ്പോഴും ഈ ലക്ഷണങ്ങൾ അവഗണിക്കപ്പെടാറുണ്ട്. ഇത് സങ്കീർണതയ്ക്ക് കാരണമായേക്കും.

Be the first to comment

Leave a Reply

Your email address will not be published.


*