മഴക്കാലമാണ്, ഈ രോഗങ്ങളെ സൂക്ഷിക്കണം! ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കാം

ഇടുക്കി: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ മഴക്കാല രോഗങ്ങൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ജലജന്യ, കൊതുകുജന്യ, ജന്തുജന്യ രോഗങ്ങൾ ഈ സമയത്ത് കൂടാൻ സാധ്യതയുണ്ടെന്നും അതിനാൽ എല്ലാവരും വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ജലജന്യ രോഗങ്ങൾ: വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ് എന്നിവയാണ് മഴക്കാലത്ത് പ്രധാനമായും കണ്ടുവരുന്ന ജലജന്യ രോഗങ്ങൾ. രോഗാണുക്കൾ മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ശരീരത്തിലെത്തുന്നത്.

പ്രതിരോധ മാർഗങ്ങൾ

  • തുറസായ സ്ഥലങ്ങളിൽ മലവിസർജനം നടത്തുന്നത് പൂർണമായും ഒഴിവാക്കുക.
  • കുടിക്കാൻ ക്ലോറിനേഷൻ ചെയ്തതും തിളപ്പിച്ചാറ്റിയതുമായ വെള്ളം മാത്രം ഉപയോഗിക്കുക.
  • ഭക്ഷണത്തിന് മുൻപും ശേഷവും, ശൗചാലയം ഉപയോഗിച്ചതിനുശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
  • ഭക്ഷണസാധനങ്ങൾ എപ്പോഴും അടച്ചുവച്ച് സൂക്ഷിക്കുക, ചൂടോടെ കഴിക്കാൻ ശ്രമിക്കുക.
  • തുറന്നു വച്ച ഭക്ഷണസാധനങ്ങൾ ഒരു കാരണവശാലും കഴിക്കരുത്.
  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത് രോഗാണുക്കൾ പെരുകുന്നത് തടയും.
  • കിണറിന് ചുറ്റുമതിൽ കെട്ടി വലയിട്ട് മൂടുന്നത് ജലമലിനീകരണം തടയാൻ സഹായിക്കും.

കൊതുകുജന്യ രോഗങ്ങൾ: മലമ്പനി, മന്ത്, ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവയാണ് മഴക്കാലത്ത് സാധാരണയായി കണ്ടുവരുന്ന കൊതുകുജന്യ രോഗങ്ങൾ. വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാനും അതുവഴി രോഗങ്ങൾ പടരാനുമുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ്.

പ്രതിരോധ മാർഗങ്ങൾ

  • കൊതുകിൻ്റെ പ്രജനന സ്ഥലങ്ങൾ നശിപ്പിക്കുക. പാത്രങ്ങൾ, കുപ്പികൾ, ചിരട്ടകൾ, ടയറുകൾ, വീപ്പകൾ, വാട്ടർ ടാങ്കുകൾ, മൺചട്ടികൾ, ആട്ടുകല്ലുകൾ, പൂച്ചട്ടികൾ, വാട്ടർ കൂളറുകൾ, വാഴപ്പോള, സിമൻ്റ് ടാങ്കുകൾ, റബ്ബർ പാൽ ശേഖരിക്കുന്ന ചിരട്ടകൾ, പ്ലാസ്റ്റിക് സാധനങ്ങൾ, കവറുകൾ എന്നിങ്ങനെ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം.
  • വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങളും ടാങ്കുകളും നന്നായി മൂടി വയ്ക്കുക.
  • ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളും ഓടകളിൽ വലിച്ചെറിഞ്ഞ് മലിനജലം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണം.
  • കുളങ്ങളിലും തോടുകളിലും കാണുന്ന ജലസസ്യങ്ങൾ യഥാസമയം നീക്കം ചെയ്യുക.
  • കക്കൂസിന് വെന്റിലേറ്റിവ് കുഴലുകൾ ഘടിപ്പിക്കുകയും സാനിറ്ററി കക്കൂസുകൾ ഉപയോഗിക്കുകയും വേണം.
  • വെള്ളക്കെട്ടുകളിൽ കൂത്താടികളെ തിന്ന് നശിപ്പിക്കുന്ന ഗംബൂസിയ, ഗപ്പി, മാനത്ത് കണ്ണി തുടങ്ങിയ മത്സ്യങ്ങളെ വളർത്തുന്നത് കൊതുക് നിവാരണത്തിന് സഹായകമാകും.
  • ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കുകയും കൊതുക് നിവാരണ പ്രവർത്തനങ്ങളുമായി സഹകരിക്കുകയും വേണം.

ജന്തുജന്യ രോഗങ്ങൾ (എലിപ്പനി): എലിപ്പനിയാണ് മഴക്കാലത്ത് പ്രധാനമായും കണ്ടുവരുന്ന ജന്തുജന്യ രോഗം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ രോഗാണുവാഹകരായ എലിയുടെ മൂത്രം കലരുന്നത് വഴി വെള്ളം മലിനമാകുന്നു. ഈ വെള്ളവുമായി സമ്പർക്കം പുലർത്തുന്നവരിൽ മുറിവിലൂടെയോ നേർത്ത ചർമ്മത്തിലൂടെയോ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് രോഗം പിടിപെടാൻ സാധ്യതയുണ്ട്.

എലിപ്പനി വരാൻ സാധ്യതയുള്ളവർ

  • കൃഷിയിടങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും പണിയെടുക്കുന്നവർ.
  • തൊഴിലുറപ്പ് ജോലികളിൽ ഏർപ്പെടുന്നവർ.
  • കന്നുകാലികളെ പരിചരിക്കുന്നവർ.
  • കെട്ടിക്കിടക്കുന്ന വെള്ളം നിത്യോപയോഗത്തിന് എടുക്കുന്നവർ.

രോഗലക്ഷണങ്ങൾ: കടുത്ത പനി, തലവേദന, ശരീരവേദന, കണ്ണിൽ ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി ചികിത്സ തേടണം. സ്വയം ചികിത്സ ഒരു കാരണവശാലും പാടില്ല.

പ്രതിരോധ മാർഗങ്ങൾ

  • എലി നശീകരണം ഊർജിതപ്പെടുത്തുക.
  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
  • ചപ്പുചവറുകൾ അടിയന്തരമായി നശിപ്പിക്കുക.
  • പച്ചക്കറികളും പഴവർഗങ്ങളും കഴുകി മാത്രം ഉപയോഗിക്കുക.
  • മലിനജലത്തിൽ മുഖം കഴുകുകയോ കുളിക്കുകയോ ചെയ്യരുത്.
  • കൃഷിയിടത്തിലും വെള്ളത്തിലും പണിയെടുക്കുന്നവർ ഗംബൂട്‌സ്, ഗ്ലൗസ് തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കുക.

ഈ മഴക്കാലത്ത് രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*