
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷ് റിമാന്റില്‍. ജൂണ്‍ പത്ത് വരെയാണ് റിമാന്റ്. വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡി അപേക്ഷ നല്‍കാനൊരുങ്ങുകാണ് പൊലീസ്.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ഇന്നലെയാണ് മുന്‍ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് കൊച്ചിയില്‍ കീഴടങ്ങിയത്. ജാമ്യം അനുവദിച്ചാല്‍ കേസിനെ ഗുരുതമായി ബാധിക്കുമെന്ന വിലയിരുത്തലിലായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. ഇന്ന് രാവിലെയാണ് തിരുവനന്തപുരം പേട്ട പൊലീസിന് പ്രതിയെ കൈമാറിയത്. തുടര്‍ന്ന് വഞ്ചിയൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേസില്‍ വിശദമായി ചോദ്യം ചെയ്യിലിനൊരുങ്ങുകയാണ് പൊലീസ്. നാളെ കസ്റ്റഡി അപേക്ഷ നല്‍കും. പ്രതിയെ പിടികൂടുന്നതില്‍ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.
രണ്ട് മാസത്തോളം ഒളിവിലായിരുന്ന സുകാന്തിനെ പിടികൂടാത്തതിനെതിരെ ഇന്നലെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഓഫീസറായ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ മരണത്തില്‍ സുകാന്തിന് പങ്കുണ്ടെന്ന വിവരവും പുറത്തുവന്നു.
Be the first to comment