യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് അൻവർ ചെയ്യേണ്ടത്: കെ മുരളീധരൻ

യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് അൻവർ ചെയ്യേണ്ടതെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മറ്റ് എല്ലാ കാര്യങ്ങളും ചർച്ചയിലൂടെ തീരുമാനിക്കാം. പിണറായി വിജയനെതിരെ എല്ലാ ആയുധവും എടുത്ത് പോരാടുക എന്നതാണ് ലക്ഷ്യം.

ആദ്യം അൻവർ പിന്തുണ പ്രഖ്യാപിക്കട്ടെ. യുഡിഎഫിൽ ചേരാൻ ആഗ്രഹിക്കുന്നവർ യുഡിഎഫിനെ കുറ്റം പറഞ്ഞാൽ എങ്ങനെയാണ്. ഇതുവരെ എല്ലാ തീരുമാനങ്ങളും ആലോചിച്ചു തന്നെയാണ് എടുത്തത്. കൂട്ടായ ചർച്ചയോടെയാണ് മുന്നോട്ടുപോകുന്നത്. പിന്തുണ പ്രഖ്യാപിച്ചാൽ അൻവറിനെ സഹകരിപ്പിക്കും. തെരഞ്ഞെടുപ്പിൽ എന്തായാലും യുഡിഎഫ് ജയിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസ് അവഗണനയെക്കുറിച്ച് എണ്ണിപ്പറഞ്ഞ് പി വി അന്‍വര്‍ രംഗത്തെത്തി. തന്നെ വസ്ത്രാക്ഷേപം നടത്തി ചെളിവാരിയെറിയുന്ന അവസ്ഥയാണിതെന്നും ഇനി ആരുടേയും കാലുപിടിക്കാന്‍ താനില്ലെന്നും അന്‍വര്‍ പറഞ്ഞു. സഹകരണ മുന്നണിയാക്കാമെന്ന് യുഡിഎഫ് പറഞ്ഞപ്പോള്‍ താനത് അംഗീകരിച്ചു.

പക്ഷേ അത് പൊതുസമൂഹത്തോട് പറഞ്ഞില്ല. പകരം അന്‍വര്‍ തീരുമാനിക്കട്ടേ എന്നാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നും എന്ത് തെറ്റാണ് ചെയ്തതെന്നും പി വി അന്‍വര്‍ ചോദിച്ചു. കാലുപിടിക്കുമ്പോള്‍ യുഡിഎഫ് തന്റെ മുഖത്ത് ചവിട്ടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലുടനീളം പ്രതിപക്ഷനേതാവ് വി ഡി സതീശന് നേരെ നിരവധി ഒളിയമ്പുകളാണ് അന്‍വര്‍ തൊടുത്തുവിട്ടത്. ബസിന്റെ വാതില്‍പ്പടിയില്‍ ക്ലീനര്‍ക്കൊപ്പം യാത്ര ചെയ്യാമെന്ന് സമ്മതിച്ചിട്ടും അത് പോലും പൊതുസമൂഹത്തോട് യുഡിഎഫ് പറയുന്നില്ലെന്നാണ് അന്‍വറിന്റെ പരാതി.

കെ സുധാകരന്‍ ഇവിടെ വന്നു കണ്ടു. രമേശ് ചെന്നിത്തല നിരന്തരം സംസാരിക്കുന്നുണ്ട്. താന്‍ ഇതൊന്നും ഇതുവരെ പറഞ്ഞിട്ടില്ല. ഇപ്പോള്‍ യുഡിഎഫ് തന്നെ ദയാവധത്തിന് വിട്ട സ്ഥിതിയാണെന്നും തന്നെ വസ്ത്രാക്ഷേപം നടത്തി ചെളിവാരിയെറിയുന്ന അവസ്ഥയാണിതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*