
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ക്ഷീണം, തലകറക്കം തുടങ്ങീ പ്രമേഹം, ഹൈപ്പർ ഗ്ലൈസീമിയ, ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക തകരാറ്, അന്ധത പോലുള്ള ഗുരുതരമായ അവസ്ഥയ്ക്ക് ഇത് കാരണമാകും. എന്നാൽ ഭക്ഷണക്രമത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. അത്തരത്തിൽ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് സുരക്ഷിതമായി നിലനിർത്താൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണപാനീയങ്ങൾ ഇതാ.
ഉലുവ
ഭക്ഷണം കഴിച്ചതിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഉലുവ. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ഉലുവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റിന്റെ ദഹനം മന്ദഗതിയിലാക്കുകയും രക്തത്തിലേക്ക് പഞ്ചസാര വേഗത്തിൽ ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യും. ദിവസന ഡയറ്റിൽ ഉലുവ ഉൾപ്പെടുത്തുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതും സഹായിക്കും. രാത്രിയിൽ ഒരു ടീസ്പൂൺ ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്ത് രാവിലെ വെറും വയറ്റിൽ കുടിക്കാം.
കറുവപ്പട്ട
കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. കൂടുതൽ ഫലപ്രാപ്തി ലഭിക്കുന്നതിനായി സിലോൺ കറുവപ്പട്ട ഉപയോഗിക്കുന്നതാണ് നല്ലത്. ടൈപ്പ് 2 പ്രമേഹ രോഗികൾ ദിവസേന 1 ഗ്രാം കറുവപ്പട്ട കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കാൻ ഗുണകരമാണെന്ന് ചില പഠനങ്ങൾ പറയുന്നു. കാർബോഹൈഡ്രേറ്റുകളുടെ തകർച്ച മന്ദഗതിയിലാക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ശരീരഭാരം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും കറുവപ്പട്ട ഗുണകരമാണ്.
വെണ്ടയ്ക്ക
ഫൈബര്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് വെണ്ടയ്ക്ക. ഇതിൽ അടങ്ങിയിട്ടുള്ള മ്യൂസിലേജ് എന്ന വസ്തു കുടലിലെ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാൻ സഹായിക്കും. രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പെക്റ്റിന്‍ എന്ന നാരുകളും വെണ്ടക്കയിൽ ധാരാളമുണ്ട്. രാത്രിയിൽ വെണ്ടയ്ക്ക കഷണങ്ങളാക്കി മുറിച്ചതിന് ശേഷം വെള്ളത്തിലിട്ട് വയ്ക്കുക. പിറ്റേന്ന് രാവിലെ ഈ പാനീയം കുടിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ ഇത് ഗുണം ചെയ്യും.
ചിയ വിത്തുകൾ
ലയിക്കുന്ന നാരുകളുടെ സമ്പുഷ്ട സ്രോതസാണ് ചിയ വിത്തുകൾ. ഒമേഗ 3 ഫാറ്റി ആസിഡുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കാർബോഹൈഡ്രേറ്റിന്റെ ദഹനം മന്ദഗതിയിലാക്കാനും രക്തത്തിലേക്കുള്ള പഞ്ചസാരയുടെ ആഗിരണം പതുക്കെയാക്കാനും ഇത് സഹായിക്കും. ഇതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയാൻ ചിയ വിത്തുകൾ ഫലം ചെയ്യും.
Be the first to comment