യുവാക്കള്‍ക്കിടയിലെ പ്രമേഹം; പ്രധാന ലക്ഷണങ്ങൾ ഇവയാണ്

കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു രോഗാവസ്ഥയായിരുന്നു പ്രമേഹം അഥവാ ഡയബെറ്റിസ്. എന്നാൽ ഇന്ന് കൗമാരക്കാർക്കിടയിലെ യുവാക്കൾക്കിടയിലും പ്രമേഹം സാധാരണമായി കഴിഞ്ഞു. മാറിയ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലവുമെല്ലാമാണ് ചെറുപ്പക്കാർക്കിടയിൽ വില്ലനാകുന്നത്. ഇന്ത്യയിൽ 101 ദശലക്ഷം പ്രമേഹ രോഗികൾ ഉണ്ടെന്നാണ് 2023-ൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) നടത്തിയ പഠനത്തിൽ പറയുന്നത്. 136 ദശലക്ഷം ആളുകൾ പ്രീ ഡയബറ്റിക് സ്റ്റേജിലുള്ളവരാണെന്നും പഠനത്തിൽ പറയുന്നു.

ഒരു രോഗം എന്നതിലുപരി ശരീരത്തിന്‍റെ ഒട്ടുമിയ്ക്ക പ്രവർത്തനത്തെയും ബാധിക്കുന്ന അവസ്ഥയാണിത്. അതിനാലാണ് പ്രമേഹം ഗുരുതരമായ ഒരു രോഗസ്ഥയാണെന്ന് പറയുന്നതിന്‍റെ പ്രധാന കാരണം. ഒരു തവണ വന്നാൽ നിയന്ത്രിക്കാം എന്നതല്ലാതെ രോഗമുക്തി നേടാൻ കഴിയില്ല എന്നതും പ്രമേഹത്തിന്‍റെ ഒരു പ്രത്യേകതയാണ്. എന്നാൽ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് വഴി ഒരു പരിധി വരെ പ്രമേഹത്തെ അകറ്റി നിർത്താൻ സാധിക്കും. കൗമാരക്കാരിലും യുവാക്കളിലും ഉണ്ടാകുന്ന പ്രമേഹത്തിന്‍റെ ചില അസാധാരണമായ ലക്ഷണങ്ങൾ ഏതൊക്കെയാണ് അറിഞ്ഞിരിക്കാം.

മനസികാവസ്ഥയിലെ മാറ്റങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയോ കുറയുകയോ ചെയ്യുന്നത് തലച്ചോറിന്‍റെ പ്രവർത്തനത്തെ ബാധിക്കും. ഇത് വൈകാരിക സ്ഥിരതയെ ബാധിക്കുകയും ചെയ്‌തേക്കും. ഇവ മൂലം ക്ഷോഭം, വിഷാദരോഗ ലക്ഷണങ്ങൾ തുടങ്ങീ മാനസികാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ അനുഭവപ്പെട്ടേക്കാം. പ്രമേഹത്തിന്‍റെ ഒരു പ്രാരംഭ ലക്ഷണമാണിത്.

വിട്ടുമാറാത്ത ക്ഷീണം
വേണ്ടത്ര വിശ്രമം ലഭിച്ചിട്ടും ക്ഷീണം വിട്ടുമാറാത്ത അവസ്ഥ അനുഭവപ്പെടുന്നുണ്ടെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടത് അത്യവശ്യമാണ്. പ്രമേഹമുള്ള രോഗികളിൽ കാണപ്പെടുന്ന ഒരു സാധാരണ ലക്ഷണമാണിത്. ഈ ലക്ഷണങ്ങൾ പലപ്പോഴും അലസത, മോശം ഉറക്ക ശീലം എന്നിവയുടെയെല്ലാമായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം.

ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ മൂലം ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് നേരിടുകയും ഏകാഗ്രതക്കുറവ് അനുഭവപ്പെടുകയും ചെയ്തേക്കാം.

ശരീരഭാരം കുറയുക
അകാരണവും അസാധാരണവുമായി പെട്ടന്ന് ശരീരഭാരം കുറയുന്നത് പ്രമേഹത്തിന്‍റെ സൂചനയാകാം. ചർമ്മത്തിൽ ഇരുണ്ട പാടുകൾ ഉണ്ടാകുന്നതും പ്രമേഹത്തിന്‍റെ മറ്റൊരു ലക്ഷണമാണ്.

കാഴ്‌ചയിലെ മാറ്റങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വർധിക്കുന്നത് മങ്ങിയ കാഴ്‌ചയ്ക്ക് കാരണമാകും.

പതിവ് അണുബാധകൾ
രോഗപ്രതിരോധ ശേഷി കുറയുന്നത് മൂലം പതിവായിയുള്ള അണുബാധകൾക്ക് കാരണമാകും. ഇടയ്ക്കിടെ ജലദോഷം പോലുള്ള അവസ്ഥകൾ ഉണ്ടാകുകയും ചെയ്യുന്നു. മുറിവുകൾ ഉണങ്ങാൻ കാലതാമസം എടുക്കുന്നതും പ്രമേഹത്തിന്‍റെ സൂചനയാണ്.

അമിത വിശപ്പ്
പ്രമേഹത്തിന്‍റെ ഒരു സാധാരണ ലക്ഷണമാണ് അമിത വിശപ്പും ദാഹവും അനുഭവപ്പെടുക എന്നത്. നിരന്തമായി ലഘുഭക്ഷണങ്ങളോടും മധുര പലഹാരങ്ങളും ആസക്തി തോന്നാം. വിശക്കുമ്പോൾ പെരുമാറ്റത്തിൽ ചില മാറ്റങ്ങളും അനുഭവപ്പെട്ടേക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*