
ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാൻ സഹായിക്കുന്നത് അവയമാണ് വൃക്ക. ഏറ്റവും പ്രധാന അവയവങ്ങളിൽ ഒന്നായതിനാൽ വൃക്കയുടെ ആരോഗ്യ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. മോശം ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയെല്ലാം വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും. ഇവ മുലം ഇന്ന് ഏറ്റവും അധികം കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് വൃക്കയിലെ കല്ലുകൾ. വെള്ളം കുടി കുറയുന്നതും സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ, ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, വിറ്റാമിൻ സപ്ലിമെന്‍റുകൾ എന്നിവയുടെ അമിത ഉപയോഗം വൃക്കയിലെ കല്ലുകൾക്ക് കരണമാകുന്നവയാണ്. എന്നാൽ ഭക്ഷണക്രമത്തിൽ വേണ്ടത്ര ശ്രദ്ധ നൽകുന്നതിലൂടെ ഒരു പരിധി വരെ ഈ പ്രശ്‍നം പരിഹരിക്കാനാവും. വൃക്കയിലെ കല്ലുകൾ ഉണ്ടാകാതിരിക്കാനും ചികിത്സിക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇവയാണ്.
ജലാംശം നിലനിർത്തുക
വൃക്കയിലെ കല്ലുകൾ തടയുന്നതിനും പരിഹരിക്കുന്നതിനും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കുമ്പോൾ വൃക്കയിലെ ചെറിയ കല്ലുകൾ മൂത്രത്തോടൊപ്പം പുറന്തള്ളപ്പെടും. കല്ലുകൾ രൂപപ്പെടാൻ സാധ്യതയുള്ള വസ്‌തുക്കളെ നേർപ്പിക്കാനും ഇത് സഹായിക്കും. അതിനാൽ ദിവസേന കുറഞ്ഞത് എട്ട് മുതൽ 10 ഗ്ലാസ് വെള്ളം കുടിക്കണം.
പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ
പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. കാത്സ്യം അടിഞ്ഞു കൂടുന്നത് മൂലമുണ്ടാകുന്ന വൃക്കയിലെ കല്ല് തടയാൻ പൊട്ടാസ്യം സഹായിക്കും. അതിനാൽ വാഴപ്പഴം, ചീര, സാൽമൺ തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുക.
സിട്രസ് പഴങ്ങൾ
സിട്രസ് പഴങ്ങളിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള സിട്രേറ്റ് വൃക്കയിലെ കല്ലുകൾ തടയാൻ വളരെയധികം സഹായിക്കും. ഇതിൽ നിയാസിനും (വിറ്റാമിൻ ബി 3) ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത 22 ശതമാനം കുറയ്ക്കുമെന്ന് സയന്‍റിഫിക് റിപ്പോർട്ട്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ
കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും. കാത്സ്യം കുടലിലെ ഓക്‌സലേറ്റുകളുമായി സംയോജിച്ച് അവ വൃക്കയിലേക്ക് കടക്കുന്നത് തടയും. ഡയറ്റിൽ പാൽ, ചീസ്, തൈര്, ഇലക്കറികൾ തുടങ്ങിയ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
ധാന്യങ്ങൾ
തവിട് അടങ്ങിയ ധാന്യങ്ങൾ കഴിക്കുന്നത് വൃക്കയിലെ കല്ലുകൾ തടയാനും ചികിത്സിക്കാനും സഹായിക്കും. ബ്രൗൺ റൈസ്, ഗോതമ്പ്, ഓട്‌സ് തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.
Be the first to comment