ന്യൂനമർദവും ചക്രവാതച്ചുഴിയും; കേരളത്തില്‍ മഴ തുടരും, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴ പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏഴ്‌ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് യെല്ലോ അലര്‍ട്ട്. നാളെ മുതല്‍ ബുധനാഴ്‌ച്ച വരെയുളള ദിവസങ്ങളിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് തുടരും. തെക്ക് പടിഞ്ഞാറൻ ബിഹാറിന് മുകളിലായി ന്യൂന മർദ്ദവും വടക്ക് കിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നതിനാലാണ് കേരളത്തിൽ മഴ ശക്തമാകുന്നത്.

ഇത് അടുത്ത ഏഴ് ദിവസങ്ങളിൽ കേരളത്തിലുടനീളം മഴയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലിനും മരങ്ങൾ കടപുഴകി വീഴാനും സാധ്യതയുണ്ട്. വെള്ളക്കെട്ട്, ഗതാഗതക്കുരുക്ക്, മണ്ണിടിച്ചില്‍ എന്നിവ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

കനത്ത മഴമൂലം വിളകൾക്കും പച്ചക്കറികൾക്കും നാശനഷ്‌ടമുണ്ടാകാം. തുറസായ സ്ഥലങ്ങളിൽ ഇടിമിന്നലേല്‍ക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*