നാല് മണിക്കൂറല്ല, ഇനി എട്ട് മണിക്കൂർ റിസർവേഷൻ ചാർട്ട് നേരത്തെ വരും, കോളടിക്കുന്നത് വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാർക്കടക്കം

ന്യൂഡൽഹി : ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത. റിസർവേഷൻ സംവിധാനം എളുപ്പമാക്കുന്നതിനായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. വെയ്റ്റ് ലിസ്റ്റ് ഉൾപ്പെടെയുള്ളവയുടെ കാര്യത്തിലാണ് പ്രധാന പദ്ധതി.

ട്രെയിൻ പുറപ്പെടുന്നതിന് കുറഞ്ഞത് എട്ട് മണിക്കൂർ മുമ്പെങ്കിലും വെയിറ്റ്‌ലിസ്റ്റ് ചെയ്ത ടിക്കറ്റുകളുടേതടക്കം ചാർട്ട് തയാറാക്കുന്നത് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ബുക്കിങ്ങുകൾക്കും അന്വേഷണങ്ങൾക്കുമായി ഒരു ബഹുഭാഷാ സംവിധാനം, തത്കാൽ ബുക്കിങ്ങിനായുള്ള വിപുലീകരിച്ച സെക്യൂരിറ്റി, റിസർവേഷൻ നടപടിക്രമങ്ങളുടെ നവീകരണം എന്നിവയും റെയിൽവേയുടെ പദ്ധതിയിൽ പെടുന്നു.

പുതിയ പരിഷ്കാരങ്ങളുടെ പുരോഗതി അടുത്തിടെ അവലോകനം ചെയ്ത റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, യാത്രക്കാരുടെ സൗകര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ടിക്കറ്റ് സംവിധാനം മികച്ചതും സുതാര്യമായതും ആക്സസ് ചെയ്യാവുന്നതും കാര്യക്ഷമവുമായിരിക്കുമെന്ന് വ്യക്തമാക്കി. യാത്രക്കാർക്ക് സുഗമവും സുഖകരവുമായ യാത്രാനുഭവം ഉറപ്പാക്കാൻ ഈ സംവിധാനം വഴി ശ്രമിക്കണമെന്ന് മന്ത്രി പറഞ്ഞു. സംവിധാനങ്ങൾ നവീകരിക്കുന്നതിനും അവയെ യാത്രക്കാർക്ക് കൂടുതൽ സൗഹൃദപരമാക്കുന്നതിനുമുള്ള നിരന്തരമായ പ്രവർത്തങ്ങൾ നടത്തിവരികയാണ് ഇന്ത്യൻ റെയിൽവേ.

യാത്രയ്ക്ക് 8 മണിക്കൂർ മുമ്പ് വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുകളുടെ ചാർട്ടിങ്

  • നിലവിൽ, ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്, ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്ന് സ്റ്റേഷനിൽ എത്തുന്ന ആളുകൾക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
  • ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് പുറപ്പെടുന്ന ട്രെയിനുകൾക്ക്, തലേദിവസം രാത്രി 9 മണിക്ക് തന്നെ ചാർട്ട് തയാറാക്കും.
  • ഈ നിർദേശത്തോട് റെയിൽവേ മന്ത്രി യോജിക്കുകയും ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഘട്ടം ഘട്ടമായി ഇത് നടപ്പിലാക്കാൻ ബോർഡിനോട് നിർദേശിക്കുകയും ചെയ്തു.
  • വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് കുറക്കാൻ ഈ നടപടി സഹായിക്കും. വെയ്റ്റ്‌ലിസ്റ്റ് സ്റ്റാറ്റസിനെക്കുറിച്ചുള്ള ആദ്യ അപ്‌ഡേറ്റ് യാത്രക്കാർക്ക് മുൻകൂട്ടി ലഭിക്കും.
  • ദീർഘദൂര ട്രെയിനിൽ യാത്ര ചെയ്യേണ്ടവർ വിദൂര സ്ഥലങ്ങളിൽ നിന്ന് വളരെ നേരത്തെ എത്തേണ്ട സാഹചര്യമില്ല. കൂടാതെ, വെയ്റ്റ്‌ലിസ്റ്റ് ചെയ്ത ടിക്കറ്റ് സ്ഥിരീകരിച്ചിട്ടില്ലെങ്കിൽ ബദൽ ക്രമീകരണങ്ങൾ ചെയ്യാൻ അവർക്ക് കൂടുതൽ സമയം ലഭിക്കും.

ആധുനിക പാസഞ്ചർ റിസർവേഷൻ സിസ്റ്റം 2025 ഡിസംബറോടെ

  • കഴിഞ്ഞ കുറച്ച് മാസങ്ങളായി CRIS പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിന്റെ (PRS) നവീകരണം നടപ്പിലാക്കിവരികയാണ്.
  • നവീകരിച്ച പുതിയ PRS ഡിസൈൻ നിലവിലുള്ളതിന്റെ 10 മടങ്ങ് കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലുള്ളതാണ്.
  • ഇത് ടിക്കറ്റ് ബുക്കിങ് ശേഷി ഗണ്യമായി വർധിപ്പിക്കും.
  • നിലവിലെ PRS-ൽ മിനിറ്റിൽ 32,000 ടിക്കറ്റ് ബുക്കിങ്ങാണ് അനുവദിക്കുന്നത്. എന്നാൽ പുതിയ PRS മിനിറ്റിൽ 1.5 ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിങ്ങുകൾ അനുവദിക്കും.
  • ടിക്കറ്റ് എൻക്വയറി ഒരു മിനിറ്റിനുള്ളിൽ 4 ലക്ഷത്തിൽ നിന്ന് 40 ലക്ഷത്തിലധികമായി 10 മടങ്ങ് വർധിക്കും.
  • പുതിയ PRS-ൽ ബഹുഭാഷാപരവും ഉപയോക്തൃ-സൗഹൃദവുമായ ബുക്കിങ്, എൻക്വയറി ഇന്റർഫേസും ഉണ്ട്.
  • ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ട സീറ്റ് തെരഞ്ഞെടുക്കാനും നിരക്ക് കലണ്ടർ കാണാനും കഴിയും. ദിവ്യാംഗർ, വിദ്യാർഥികൾ, രോഗികൾ എന്നിവർക്കായുള്ള സൗകര്യങ്ങളും ഇതിലുണ്ട്.

തത്കാൽ ബുക്കിങ് വെരിഫൈഡ് ഉപയോക്താക്കൾക്ക് മാത്രം

  • 2025 ജൂലൈ 1 മുതൽ ഐആർസിടിസി വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും വെരിഫൈഡ് ഉപയോക്താക്കൾക്ക് മാത്രമേ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയൂ.
  • ജൂലൈ അവസാനം മുതൽ തത്കാൽ ബുക്കിങ്ങുകൾക്ക് ഒടിപി അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ നടത്തും.
  • ആധാർ കാർഡ് അല്ലെങ്കിൽ ഉപയോക്താവിന്റെ ഡിജിലോക്കർ അക്കൗണ്ടിൽ ലഭ്യമായ മറ്റേതെങ്കിലും സർക്കാർ ഐഡി ഉപയോഗിച്ചാണ് വെരിഫിക്കേഷൻ നടത്തേണ്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*