റവാഡ ചന്ദ്രശേഖര്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥി; സ്വന്തം തടി രക്ഷപ്പെടുത്താനുള്ള പിണറായിയുടെ തീരുമാനം: കെ സി വേണുഗോപാല്‍

കണ്ണൂര്‍: സംസ്ഥാന പോലീസ് മേധാവിയായറവാഡ ചന്ദ്രശേഖര്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയാണെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാരുമായി മുഖ്യമന്ത്രി ഉണ്ടാക്കിയ ധാരണപ്രകാരമാണ് പുതിയ ഡിജിപിയുടെ നിയമനം. സ്വന്തം തടി സംരക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

സ്വന്തം തടി രക്ഷപ്പെടുത്താനുള്ള തീരുമാനം വരുമ്പോള്‍ സിപിഎമ്മില്‍ പാവപ്പെട്ട രക്തസാക്ഷികള്‍ക്ക് എന്തു സ്ഥാനമാണുള്ളതെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് ഉണ്ടായിട്ടുള്ളത്. കൂത്തുപറമ്പ് രക്തസാക്ഷികളെ സിപിഎം തള്ളിപ്പറയുകയാണ്. കൂത്തുപറമ്പില്‍ അദ്ദേഹം അന്ന് അങ്ങനെ ചെയ്തത് ഉത്തരവാദിത്തത്തിന്റെ ഭാഗമായിട്ടാണ്. അന്ന് സിപിഎം പറഞ്ഞതെല്ലാം പൊതുമണ്ഡലത്തില്‍ ഇപ്പോഴുമുണ്ട്. അതെന്താണ് ഇപ്പോള്‍ മാറ്റിമറിച്ചതെന്നു നോക്കിയാല്‍ അതിനകത്ത് വലിയ ദുരൂഹതയുണ്ട്. കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

പിണറായി വിജയന്റെ നിലപാടുകള്‍ സ്വന്തം അണികള്‍ തന്നെ ചോദ്യം ചെയ്യും. റവാഡ ചന്ദ്രശേഖര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനില്‍ തനിക്ക് ഒരു മതിപ്പുകുറവുമില്ല. നിതിന്‍ അഗര്‍വാളിനെ പോലീസ് മേധാവിയാക്കാതിരിക്കാന്‍ ചില കാരണങ്ങളുണ്ട്. വേണ്ടി വന്നാല്‍ അക്കാര്യം വെളിപ്പെടുത്തുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. താന്‍ എംഎല്‍എയായിരുന്നപ്പോള്‍ അദ്ദേഹം എസ്പിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതു കൊലകൊമ്പന്‍ പറഞ്ഞാലും സത്യത്തിനൊപ്പം നില്‍ക്കുന്ന ഓഫീസറാണ് നിതിന്‍ അഗര്‍വാള്‍ എന്നാണ് താന്‍ മനസ്സിലാക്കിയിട്ടുള്ളത്.

യോഗേഷ് ഗുപ്തയും അതുപോലുള്ള ഉദ്യോഗസ്ഥനാണ്. എന്നാല്‍ ഇവര്‍ക്ക് അതൊന്നും പറ്റില്ല. തമ്മില്‍ ഭേദം റവാഡയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ഇതിനുള്ള തെളിവാണ്. ഇക്കാര്യം കാലം തെളിയിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സെക്യൂരിറ്റിയുടെ സെക്രട്ടറിയായിരുന്ന റവാഡ ചന്ദ്രശേഖര്‍, സംസ്ഥാനത്തിന്റെ പോലീസ് മേധാവിയായി വന്നതിനു പിന്നില്‍ കേന്ദ്രവുമായിട്ടുള്ള രണ്ടാമത്തെ ഡീലാണ്. നിതിന്‍ അഗര്‍വാളിനെ പരിഗണിക്കാതിരിക്കാനുള്ള കാരണം അറിഞ്ഞാല്‍ ഇതു വ്യക്തമാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*