പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം: കുടുംബത്തിന് നല്‍കേണ്ട 7 ലക്ഷം 10 ദിവസത്തിനകം കെട്ടിവയ്ക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകശാലായയില്‍ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി. മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച ഏഴ് ലക്ഷം രൂപ 10 ദിവസത്തിനകം കെട്ടിവെക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ഒക്‌റ്റോബറിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് വരുന്നത്. ഇതിനെതിരെ ഹര്‍ജിയുമായി സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

ഇന്നലെ സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈകോടതി വ്യക്തമാക്കിയിരുന്നു. സര്‍വകലാശാല നടപടി ചോദ്യം ചെയ്ത് മുന്‍ ഡീന്‍ നല്‍കിയ ഹര്‍ജി കോടതി തീര്‍പാക്കുകയായിരുന്നു. പ്രതികളായ വിദ്യാര്‍ഥികള്‍ക്കെതിരെയും ശക്തമായ അച്ചടക്ക നടപടി വേണമെന്ന് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഡി കെ സിംഗിന്റെ ബെഞ്ചാണ് ഹര്‍ജി തീര്‍പ്പാക്കിയത്.

ഇരുവരും നടപടികളുമായി സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് റാഗിങ്ങിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം സംസ്ഥാനം നടപ്പാക്കണമെന്നും കോടതി ഓര്‍മിപ്പിച്ചു. കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെയും സര്‍വകലാശാല നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*