
രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപി നിലമ്പൂരിൽ അവർക്ക് കിട്ടിയ വോട്ട് പരിശോധിക്കണം. ബിജെപി ദുർബല സ്ഥാനാർത്ഥിയെ നിർത്തിയത് സിപിഐഎമ്മിനെ സഹായിക്കാനാണെന്നും വി ഡി സതീശൻ പറഞ്ഞു.
നിലമ്പൂരിലെയും, വയനാട്ടിലെയും വിജയം കോൺഗ്രസിന്‍റേതല്ല, ജമാ അത്തെ ഇസ്ലാമിയുടേതാണ് കോൺഗ്രസിന്‍റെ റിമോട്ട് കൺട്രോൾ ജമാഅത്തെ ഇസ്ലാമിയുടെ കൈയിലാണെന്ന് രാജീവ് ചന്ദ്രശേഖർ നേരത്തെ വിമർശിച്ചിരുന്നു.
രാജീവ് ചന്ദ്രശേഖർ കോൺഗ്രസിനെ മതേതരത്വം പഠിപ്പിക്കാൻ വരെണ്ട. ഏത് പാർട്ടിയിലാണ് അദ്ദേഹം എന്ന് ഓർക്കണം. ഭരണഘടനയിൽ നിന്ന് മതേതരത്വവും, സോഷ്യലിസവും മാറ്റണമെന്ന് ആവശ്യപ്പെട്ടവരാണ് ബിജെപിക്കാരെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
തിരു. മെഡിക്കൽ കോളജ് വിഷയത്തിലും വി ഡി സതീശൻ പ്രതികരിച്ചു. ഡോ. ഹാരിസ് ചിറയ്ക്കൽ ഇടത് സഹയാത്രികനാണ്. ഇടതുപക്ഷ സഹയാത്രികർക്ക് പോലും തുറന്നു പറയേണ്ടി വരുന്നു ആരോഗ്യ കേരളം വെന്റിലേറ്ററിൽ. എം വി ഗോവിന്ദന്റെയും മുഖ്യമന്ത്രിയുടെയും പ്രതികരണത്തിന് ഭീഷണിയുടെ സ്വരമുണ്ട്.
എല്ലാവരും സംസാരിക്കുന്നത് പരസ്പരവിരുദ്ധമായി. ഡോക്ടർ സത്യമാണ് തുറന്നു പറഞ്ഞതെന്ന് വ്യക്തമാണ്. എല്ലാ മെഡിക്കൽ കോളേജുകളിലെയും അവസ്ഥ ഇതിനേക്കാൾ ദയനീയമാണ്. ഇനി ആരും തുറന്നു പറയാതിരിക്കാനാണ് ഭയപ്പെടുത്തുന്നതെന്നും സതീശൻ വിമർശിച്ചു.
കോൺഗ്രസിലെ ഖദർ തർക്കത്തില്‍ അജയ് തറയിലിനും വി ഡി സതീശൻ മറുപടി നൽകി. സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലലോ, ഏത് വസ്ത്രം വേണമെങ്കിലും ആർക്കും ഇടാമെന്നും അതിന് ഒരു നിയന്ത്രണവുമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
Be the first to comment