
ന്യൂഡല്‍ഹി: രാജ്യത്തുടനീളം കനത്ത കാലാവസ്ഥാ വ്യതിയാനം പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണ്‍സൂണ്‍ ശക്തമാകുന്ന സാഹചര്യത്തിൽ അടുത്ത ആഴ്‌ച വിവിധ സംസ്ഥാനങ്ങളിൽ മണ്ണിടിച്ചിലിനും വെളളപൊക്കത്തിനും മേഘ വിസ്‌ഫോടനത്തിനും ഉള്‍പ്പെടെ സാധ്യതയുണ്ടെന്നാണ് പ്രവചനം. മലയോര മേഖലയിലും തീരപ്രദേശങ്ങളിലും സമതലങ്ങളിലും താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.
കേരളത്തില്‍ കനത്ത മഴ, അതീവ ജാഗ്രത
ഇന്ന് കേരളത്തിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. കനത്ത മഴയ്‌ക്ക് സാധ്യതയുള്ള കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 5-ാം തീയതി വരെ ഇവിടെ കനത്ത മഴ തുടരുമെന്നാണ് പ്രവചനം. കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴക്ക് സാധ്യത പ്രവചിക്കുന്നു.
ജൂലൈ 3 മുതൽ 8 വരെ കർണാടകയിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതേ ദിവസങ്ങളിൽ തെക്കേ ഇന്ത്യയിൽ മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ ശക്തമായ ഉപരിതല കാറ്റ് വീശാനും സാധ്യതയുണ്ട്. തെലങ്കാന, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടി മിതമായതോ കനത്തതോ ആയ മഴ പെയ്‌തേക്കാം. തീരദേശ മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദേശം നൽകി.
Be the first to comment