കെട്ടിടത്തിൽ പ്രവർത്തനം പാടില്ലെന്ന് മുന്നറിയിപ്പ്; ഡിഎംഇ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് അയച്ച കത്ത് പുറത്ത്

കോട്ടയം മെഡിക്കൽ കോളജിൽ തകർന്ന കെട്ടിടത്തിൽ പ്രവർത്തനം പാടില്ലെന്ന് നേരത്തെ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നതായി രേഖകൾ.  ബലക്ഷയം ഉള്ള കെട്ടിടത്തിൽ നിന്നും രോഗികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും പണി തീർത്ത പുതിയ ബ്ലോക്കിൽ സർജിക്കൽ ബ്ലോക്ക് പ്രവർത്തനം തുടങ്ങാനും കത്തിൽ നിർദേശിയ്ക്കുന്നുണ്ട്.

പുതിയ ഉപകരണങ്ങൾ കിട്ടാൻ സർക്കാരിൽ അവശ്യപ്പെട്ടുവെന്നും കിട്ടും വരെ പഴയ ഉപകരണങ്ങൾ ഉപയോഗിച്ച് പുതിയ ബ്ലോക്ക് പ്രവർത്തനം നടത്താനും നിർദ്ദേശമുണ്ടായിരുന്നു. മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥയാണ് കത്ത് വ്യക്തമാക്കുന്നത്.

അതിനിടെ കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് പുതുതായി പണികഴിപ്പിച്ച സർജിക്കൽ ബ്ലോക്കിലേക്ക് പൂർണ്ണമായും മാറുന്ന പ്രക്രിയ നടന്നു വരുന്നതിനിടയാണ് കോട്ടയം ഗവ. മെഡിക്കൽ കോളജിൽ നിലവിലെ 11,14,10 വാർഡുകളോട് ചേർന്നുള്ള ടോയ്‌ലറ്റ് കോംപ്ലക്‌സ് ഇടിഞ്ഞുവീണതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് പറഞ്ഞു.

ഈ കോംപ്ലക്സിന്റെ 11, 14 വാർഡുകളിൽ നിന്നുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചിട്ടുള്ളതും നിലവിൽ ഉപയോഗത്തിലില്ലാത്തതുമാണെന്നും ഡോ. വർഗീസ് പി. പുന്നൂസ് പറഞ്ഞു.അപകടത്തിൽ ബിന്ദു (52 വയസ്സ്), ചേപ്പോത്തുകുന്നേൽ, ഉമ്മാൻകുന്ന് തലയോലപ്പറമ്പ് എന്നയാൾ മരിച്ചു. അലീന (11), അമൽ പ്രദീപ് (20), ജിനു സജി (38) എന്നിവർക്ക് സാരമില്ലാത്ത പരിക്കേൽക്കുകയും ചെയ്തു. എല്ലാ കിടപ്പു രോഗികളും പൂർണ്ണമായും സുരക്ഷിതരാണെന്നും ഡോ. വർഗീസ് പി. പുന്നൂസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*