
മുംബൈ:അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, ഡോളറിനെതിരെ മൂല്യം ഇടിഞ്ഞ് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 26 പൈസയുടെ നഷ്ടത്തോടെ 85.66 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. വ്യാപാര കരാറില്‍ ഏര്‍പ്പെടാന്‍ മറ്റു രാജ്യങ്ങളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നിന്റെ ഭാഗമായി അമേരിക്ക നിശ്ചയിച്ച സമയപരിധിക്ക് പുറമേ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഓഹരി വിപണി ദുര്‍ബലമായതും രൂപയെ സ്വാധീനിച്ചിട്ടുണ്ട്.
പകരച്ചുങ്കവുമായി ബന്ധപ്പെട്ട് അമേരിക്ക പ്രഖ്യാപിച്ച സമയപരിധി ബുധനാഴ്ചയാണ് അവസാനിക്കുന്നത്. ഇതിന് മുന്‍പ് വ്യാപാര കരാറില്‍ ഏര്‍പ്പെടാനാണ് അമേരിക്ക മറ്റു രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. മറ്റു രാജ്യങ്ങള്‍ ഇറക്കുമതി തീരുവ കുറച്ചില്ലെങ്കില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുമെന്നാണ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതാണ് മുഖ്യമായി രൂപയ്ക്കുമേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് വിദഗ്ധര്‍ പറയുന്നു.
അതിനിടെ ഓഹരി വിപണിയും നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.സെന്‍സെക്സ് ഏകദേശം 170 പോയിന്റ് ആണ് ഇടിഞ്ഞത്. ഭാരത് ഇലക്ട്രോണിക്സ്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. മാരുതി സുസുക്കി, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ ഓഹരികളും നഷ്ടത്തിലാണ്.
Be the first to comment