
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ഈ വിഷയത്തെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. ദുരന്തത്തിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണം. എന്താണ് സംഭവിച്ചത് എന്ന് ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട്. പാവപെട്ട രോഗികൾ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയാൽ അവർക്ക് മരുന്ന് കുറിച്ച് കൊടുക്കും. സാധാരണക്കാർ പണം ഉണ്ടാക്കി കൊണ്ടുവന്നിട്ട് വേണം പിന്നീട് മരുന്ന് വാങ്ങാൻ. എല്ലാ പാവങ്ങൾക്കും അമേരിക്കയിൽ പോയി ചികിൽസിക്കാൻ കഴിയില്ലാലോയെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
10 വർഷമായി എല്ലാം നന്നാക്കാം എന്ന് പറഞ്ഞവർ എന്താണ് ചെയ്തത്. സർക്കാർ ആശുപത്രികളിൽ നടന്ന് പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചെത്തുന്ന സ്ഥിതിയാണ് കാണാൻ കഴിയുന്നത്. എല്ലാ മെഡിക്കൽ കോളജുകളുടെയും അവസ്ഥ ദയനീയമാണ്എല്ലാം ശെരിയാക്കാം എന്ന് പറഞ്ഞവരാണിപ്പോൾ ആളുകളെ ശെരിയാക്കികൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
വെളുപ്പിന് ആറുമണിക്ക് മന്ത്രി വീണാ ജോർജ് ബിന്ദുവിന്റെ വീട്ടിൽ പോയത് പ്രതിഷേധത്തെ ഭയന്ന് തന്നെയാണെന്ന് രമേശ് ചെന്നിത്തല ഇന്നും ആവർത്തിച്ചു. മന്ത്രിക്ക് ധൈര്യമുണ്ടായിരുന്നുവെങ്കിൽ പകൽ വെളിച്ചത്തിൽ ബിന്ദുവിന്റെ വീട്ടിലേക്ക് പോകണമായിരുന്നു. അതിന്റെ അർത്ഥം എല്ലാവർക്കും മനസിലാകും. കെട്ടിടം ഇടിഞ്ഞു വീഴുന്നതും ഒരാൾ മരിക്കുന്നതും ഒന്നും പ്രതിപക്ഷത്തിന്റെ നുണപ്രചരണം അല്ല. കെട്ടിടം മാത്രമല്ല ഗവൺമെന്റ് തന്നെ ഇടിഞ്ഞുവീണുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment