
തിരുവനന്തപുരം: വൈസ് ചാന്‍സലറും സിന്‍ഡിക്കേറ്റും തമ്മിലുള്ള പോര് തുടരുന്നതിനിടെ, കേരള സര്‍വകലാശാലയില്‍ നിലവില്‍ രണ്ട് രജിസ്ട്രാര്‍മാര്‍. ഭാരതാംബ വിവാദത്തെത്തുടര്‍ന്ന് രജിസ്ട്രാറായിരുന്ന ഡോ. കെ എസ് അനില്‍കുമാറിനെ വിസി മോഹന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്നലെ നടന്ന അടിയന്തര സിന്‍ഡിക്കേറ്റ് യോഗം രജിസ്ടാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. ഇതേത്തുടര്‍ന്ന് രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ ഇന്നലെ തന്നെ ഓഫീസിലെത്തി ചുമതലയേറ്റെടുക്കുകയും ചെയ്തു.
സസ്‌പെന്‍ഷനിലായ അനില്‍കുമാര്‍ വീണ്ടും ഓഫീസിലെത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച വൈസ് ചാന്‍സലര്‍, പ്ലാനിങ് ഡയറക്ടര്‍ ഡോ മിനി കാപ്പന് സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല നല്‍കി.ഇതോടെയാണ് സര്‍വകലാശാലയ്ക്ക് രണ്ടു രജിസ്ട്രാര്‍മാര്‍ എന്ന നില വന്നത്. അതിനിടെ, രജിസ്ട്രാറായി അനില്‍കുമാറിന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സസ്‌പെന്‍ഷന്റെ നിയമസാധുത ബന്ധപ്പെട്ടവര്‍ക്ക് പരിശോധിക്കാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള വിസിയുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പിന്‍വലിക്കുന്നതായി രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തനിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി സിന്‍ഡിക്കേറ്റ് യോഗം റദ്ദാക്കി. അതിനാല്‍ കൂടുതല്‍ വാദത്തിനില്ല, ഹര്‍ജി പിന്‍വലിക്കുകയാണ്. താന്‍ ചുമതലയേറ്റെടുത്തതായും ഡോ. കെ എസ് അനില്‍കുമാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാന്‍ ഡോ. കെ എസ് അനില്‍കുമാറിന് ഹൈക്കോടതി അനുമതി നല്‍കി. ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു.
വൈസ് ചാന്‍സലറുടെ താത്കാലിക ചുമതലയുള്ള സിസാ തോമസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിക്കാനുള്ള നീക്കത്തെ എതിര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും കോടതി അത് പരിഗണിച്ചില്ല. എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ പിന്നീട് മറ്റൊരു ഹര്‍ജി നല്‍കാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഹൈക്കോടതി ജഡ്ജിക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട സിന്‍ഡിക്കേറ്റംഗം ആര്‍ രാജേഷിനെ കോടതി വിമര്‍ശിച്ചു. ജഡ്ജിക്കെതിരെ പോസ്റ്റിടാന്‍ എങ്ങനെ ധൈര്യം വന്നുവെച്ച് ചോദിച്ച കോടതി, വേണമെങ്കില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാവുന്നതാണെന്നും നിരീക്ഷിച്ചു.
സിന്‍ഡിക്കേറ്റ് യോഗത്തില്‍ പങ്കെടുത്ത ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെ തല്‍സ്ഥാനത്തു നിന്നും വിസി നീക്കിയിട്ടുണ്ട്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് യോഗം പിന്‍വലിച്ചതും, ചട്ടവിരുദ്ധമായി ചേര്‍ന്ന യോഗത്തിന്റെ മിനുട്‌സ് അംഗീകരിച്ചതും വീഴ്ചയാണെന്നാണ് വിസിയുടെ നിലപാട്. സംഭവത്തില്‍ ഹരികുമാറിനോട് വിസി റിപ്പോര്‍ട്ട് ചോദിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കാതെ ജോയിന്റ് രജിസ്ട്രാര്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഹേമ ആനന്ദിനെ ജോയിന്റ് രജിസ്ട്രാറായി നിയമിച്ചു. ഭരണവിഭാഗത്തില്‍ നിന്നും ഹരികുമാറിനെ അക്കാദമിക് വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത ശേഷം വി സി ഡോ.മോഹന്‍ കുന്നുമ്മല്‍ റഷ്യയില്‍ പോയതോടെയാണ് പകരം ചുമതല ഡോ. സിസ തോമസിന് ഗവര്‍ണര്‍ നല്‍കിയത്.
Be the first to comment