തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20 ന് ശേഷം

തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍പ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. തദ്ദേശ വാര്‍ഡുകളുടെ പുനര്‍വിഭജന ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പുതിയ വാര്‍ഡ് അനുസരിച്ചുള്ള വോട്ടര്‍പ്പട്ടികയുടെ ക്രമീകരണം പൂര്‍ത്തിയായി. പോളിങ് ബൂത്ത് അടിസ്ഥാനത്തിലുള്ള ക്രമീകരണമാണ് ഇനി നടത്തേണ്ടത്.

തുടര്‍ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ കരട് വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കും. കരട് പ്രസിദ്ധീകരിക്കുന്ന അന്നുമുതല്‍ 15 ദിവസം പരാതികളും ആക്ഷേപങ്ങളും അറിയിക്കാം. പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനും മരിച്ചവര്‍, താമസം മാറിയവര്‍ എന്നിവരെ ഒഴിവാക്കാനും അവസരമുണ്ട്. പഞ്ചായത്തുകളില്‍ 1375 വാര്‍ഡും മുനിസിപ്പാലിറ്റികളില്‍ 128 വാര്‍ഡും കോര്‍പ്പറേഷനുകളില്‍ ഏഴു വാര്‍ഡും കൂടിയിട്ടുണ്ട്.

സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ പുനര്‍വിഭജിച്ചുള്ള അന്തിമ വിജ്ഞാപനം ഈയാഴ്ച പ്രസിദ്ധീകരിക്കും. 187 വാര്‍ഡുകള്‍ പുതിയതായി നിലവില്‍ വരും. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം 2080ല്‍നിന്ന് 2267 ആകും.

സംവരണ വാര്‍ഡുകളുടെ എണ്ണത്തിലും മാറ്റംവരും. 152 ബ്ലോക്ക് പഞ്ചായത്തില്‍ 77 ബ്ലോക്കുകള്‍ വനിതകള്‍ക്കാണ്. പട്ടികജാതി വിഭാഗത്തിന് 15 ബ്ലോക്കുകളില്‍ അധ്യക്ഷസ്ഥാനം സംവരണംചെയ്തിട്ടുണ്ട്. അതില്‍ എട്ടെണ്ണം വനിതകള്‍ക്കാണ്. പട്ടികവര്‍ഗത്തിന് മൂന്ന് ബ്ലോക്കുകളുള്ളതില്‍ രണ്ടിടത്ത് വനിതകള്‍ അധ്യക്ഷര്‍ ആകും. മെയ് 31നാണ് ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡുകള്‍ പുനര്‍വിഭജിച്ചു ഡി ലിമിറ്റേഷന്‍ കമീഷന്‍ കരട് വിജ്ഞാപനം ഇറക്കിയത്.

 

Be the first to comment

Leave a Reply

Your email address will not be published.


*