
കെഎസ്ആര്‍ടിസി നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവന തള്ളി യൂണിയനുകള്‍. ഒരു യൂണിയനുകളും നോട്ടീസ് നല്‍കിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാല്‍ കഴിഞ്ഞ 25ന് നോട്ടീസ് നല്‍കിയതായി യൂണിയനുകള്‍ അറിയിച്ചു. ദേശീയ പണി മുടക്കില്‍ പങ്കെടുക്കുമെന്നും ഇതിനായി മന്ത്രിക്കല്ല നോട്ടീസ് നല്‍കേണ്ടതെന്നും സിഐടിയു നേതാക്കള്‍ അറിയിച്ചു.
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കുന്നുണ്ടെന്നും അതിനാല്‍ ജീവനക്കാര്‍ ഹാപ്പിയാണെന്നും അവര്‍ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുമാണ് മന്ത്രി ഗണേഷ് കുമാറിന്റെ വാദം. മന്ത്രിയുടെ നിലപാടില്‍ നിന്ന് വിഭിന്നമായ നിലപാടാണ് വിഷത്തില്‍ സിപിഐഎമ്മിനുള്ളത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുമെന്ന് സിപിഐഎം ദേശീയ സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. ബിഎംഎസ് ഒഴികെയുള്ള എല്ലാ യൂണിയനുകളും പണിമുടക്കിന്റെ ഭാഗമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും വിവിധ മേഖലാ അസോസിയേഷനുകളും ഫെഡറേഷനുകളും ഉള്‍പ്പെട്ട സംയുക്ത വേദിയാണ് നാളെ ദേശീയ പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 25 കോടിയിലധികം പേര് പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് തൊഴിലാളി സംഘനകള്‍ പറയുന്നത്.കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തൊഴില്‍ ചട്ടങ്ങള്‍ പിന്‍വലിക്കുക, തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കര്‍ഷകസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍മോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടത് പാര്‍ട്ടികളും, ആര് ജെഡിയും പണിമുടക്ക് വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. അതേസമയം ദേശീയ പണിമുടക്കിനെ നേരിടാന്‍ കെഎസ്ആര്‍ടിസി ഡയസ്നോണ്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
Be the first to comment