
എരുമേലി വാപുര സ്വാമി ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ഹർജി തീർപ്പാക്കി ഹൈക്കോടതി. പൂജാസാധനങ്ങൾ സൂക്ഷിച്ചു വയ്ക്കാനുള്ള കെട്ടിടം പൊളിച്ചുമാറ്റിയെന്ന് സ്ഥലമുടമ ഹൈക്കോടതിയെ അറിയിച്ചു. സ്ഥലമുടമയുടെ നിലപാട് രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. നോർത്ത് പറവൂർ സ്വദേശി കെ.കെ. പത്മനാഭൻ നൽകിയ ഹർജിയിലാണ് നടപടി.
മുന്‍കൂര്‍ അനുമതി ഇല്ലാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും ക്ഷേത്ര നിര്‍മാണം പാടില്ലെന്ന് ഹൈക്കോടതി നിർദേശം നൽകി. പ്രദേശത്ത് ക്രമസമാധാന പ്രശ്നമുണ്ടായാല്‍ ഇടപെടണമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവിയോടും കോടതി നിര്‍ദ്ദേശിച്ചു. എരുമേലിയിലെ വാപുര സ്വാമി ക്ഷേത്രത്തിൻ്റെ നിര്‍മാണം ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി കഴിഞ്ഞ വെള്ളിയാഴ്ച തടഞ്ഞിരുന്നു. നിര്‍മാണം തടയാന്‍ നടപടിയെടുക്കാനായി എരുമേലി ഗ്രാമ പഞ്ചായത്തിന് കോടതി നിർദേശം നൽകിയിരുന്നു.
കേരള പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് കെട്ടിട നിർമാണത്തിന് മതിയായ അനുമതി വാങ്ങിയിട്ടില്ലെന്ന് എരുമേലി ഗ്രാമ പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ക്ഷേത്ര നിർമാണവുമായി ബന്ധമില്ലെന്നായിരുന്നു വിശ്വ ഹിന്ദു പരിഷത്ത് ഹൈക്കോടതിയിൽ നൽകിയ വിശദീകരണം.
എരുമേലി പുത്തൻവീടിന് സമീപം അയ്യപ്പൻ കാവിൽ വാപുരസ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് പ്രശ്നവിധിയിൽ പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനിച്ചത്. ജ്യോതിഷ പണ്ഡിതൻ ഇരിങ്ങാലക്കുട പദ്മനാഭ ശർമയുടെ നേതൃത്വത്തിൽ നടത്തിയ അഷ്ടമംഗല ദേവപ്രശ്ന ചിന്തയിലാണ് ക്ഷേത്രം പണിത് വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് അഭിപ്രായപ്പെട്ടത്.
Be the first to comment