
വധശിക്ഷയക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തിരമായി നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ജൂലൈ 16 ന് വധശിക്ഷ നടപ്പാക്കുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് കെ.വി തോമസ് കത്ത് അയച്ചത്.
അതേസമയം യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ ശ്രമം തുടർന്ന് ആക്ഷൻ കൗൺസിൽ. ഇന്ന് യെമനിൽ എത്തുന്ന മുനുഷ്യാവകാശ പ്രവർത്തകൻ സാമൂവൽ ജെറോം, കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബു മഹ്ദിയുടെ കുടുംബവുമായി ചർച്ചകൾ തുടരും. തലാലിന്റെ കുടുംബത്തിന് ദയാധനം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗം. നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാൻ ആണ് ജയിൽ അധികൃതർക്ക് പബ്ലിക് പ്രോസിക്യൂട്ടർ നൽകിയിരിക്കുന്ന നിർദേശം. വിഷയത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണവും ഇന്നുണ്ടാകും എന്നാണ് സൂചന. നിമിഷപ്രിയയുടെ മോചനത്തിനായി തീവ്ര ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് വധശിക്ഷ സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.
2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യമൻ പൗരൻ തലാൽ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് നിമിഷപ്രിയ വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നത്. 2018ലായിരുന്നു നിമിഷപ്രിയയ്ക്കെതിരെ യമൻ കോടതി വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ അപ്പീൽ നൽകിയെങ്കിലും 2020ൽ യമനിലെ അപ്പീൽ കോടതി ശിക്ഷ ശരിവെച്ചു. പിന്നീട്, യമനിലെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2023 നവംബറിൽ അപ്പീൽ തള്ളി.
Be the first to comment